-->
സിലാപഥര്‍: ആശങ്കയോ അനിശ്‌ചിതത്വമോ അവസാന മത്സരഫലത്തിനായുള്ള കാത്തിരിപ്പോ ഒന്നും വേണ്ട... 79-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറില്‍. ഇന്നലെ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തില്‍ മേഘാലയയെ നിലംപരിശാക്കിയാണു കുതിപ്പ്. എതിരാളികളുടെ വലയില്‍ മൂന്നുവട്ടം കേരളത്തിന്റെ ചുണക്കുട്ടികള്‍ പന്തെത്തിച്ചു. വി. അര്‍ജുന്‍ (36), മുഹമ്മദ് റിയാസ് (71), മുഹമ്മദ് അജ്‌സല്‍ (85) എന്നിവരാണ് ഗോള്‍വേട്ടക്കാര്‍.
നാളെ സര്‍വീസസിനെതിരേ ഗ്രൂപ്പിലെ അവസാനമത്സരം സമ്മര്‍ദരഹിതമായി കളിക്കാന്‍ ജയം കേരളത്തിനു തുണയാകും. നാലു മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമായി 10 പോയിന്റാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ഒഡീഷയും റെയില്‍വേസും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍വീതം അടിച്ചു. മറ്റൊരു കളിയില്‍ പഞ്ചാബ് ഏകപക്ഷീയമായ ഒരുഗോളിനു സര്‍വീസസിനെ പരാജയപ്പെടുത്തി.
ആദ്യ മത്സരങ്ങളിലെ അപരാജിത കുതിപ്പ് മേഘാലയയ്‌ക്കെതിരേ ഇന്നലെ സിലാപഥര്‍ സ്‌റ്റേഡിയത്തിലും കേരളം കാഴ്‌ചവച്ചു. ആക്രമണമാണ് നയമെന്നു വ്യക്‌തമാക്കുന്ന പ്രകടനമായിരുന്നു കേരളത്തിന്റേത്. എതിരാളികളുടെ ബോക്‌സില്‍ നിരന്തരം പന്തെത്തിയതോടെ ലീഡ് എപ്പോള്‍വരുമെന്ന ചോദ്യം മാത്രമായിരുന്നു മുന്നില്‍. തുടരെുള്ള ആക്രമണങ്ങള്‍ക്കിടെ ടി. ഷിജിന്റെ ഇടംകാല്‍വോളി മേഘാലയ ഗോള്‍കീപ്പര്‍ രജത് പോള്‍ ലിങ്‌ദോ ആയാസപ്പെട്ട് ക്രോസ്‌ബാറിനു മുകളിലൂടെ തട്ടിയകറ്റി. തൊട്ടുപിന്നാലെ ബോക്‌സില്‍ മനഃപൂര്‍വം ബാക്‌പാസ് നല്‍കിയതിന് റഫറി അപൂര്‍വമായ ഇന്‍ഡയറക്‌ട് ഫ്രീകിക്ക് വിധിച്ചു. പക്ഷേ, കിക്കെടുത്ത ബിബിന്‍ അജയനു പിഴച്ചു. അധികം വൈകാതെ മേഘാലയയുടെ ദെയ്‌ബോമാമെ ടോങ്‌പെറിന് വലചലിപ്പിക്കാന്‍ ഓപ്പണ്‍ ചാന്‍സ് കിട്ടിയെങ്കിലും മുതലാക്കാനായില്ല.
ഒടുവില്‍ 36-ാം മിനിറ്റില്‍ കേരള ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. വി. അര്‍ജുനിലൂടെ കേരളത്തിന്റെ ആദ്യഗോള്‍. ബോക്‌സിനു പുറത്തുനിന്നുള്ള ഫ്രീ കിക്കില്‍നിന്നായിരുന്നു അര്‍ജുന്റെ പ്രഹരം. നിരന്നുനിന്ന മേഘാലയതാരങ്ങള്‍ക്കു മുകളിലൂടെ വലയ്‌ക്കുള്ളിലേക്കെത്തിയ പന്തിന് ഗോള്‍കീപ്പര്‍ക്കും മറുപടിയുണ്ടായിരുന്നില്ല. അര്‍ജുന്റെ പ്രതിഭ തെളിയിക്കുന്നതായിരുന്നു ഈ ഫ്രീകിക്ക് ഗോള്‍. ലീഡ് കൈപ്പിടയിലാക്കി കേരളം ഒന്നാം പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിലും കാര്യങ്ങള്‍ക്കു മാറ്റമൊന്നുമുണ്ടായില്ല. മേഘാലയന്‍ പ്രതിരോധത്തെ വിറപ്പിച്ച് കേരളം നിരന്തരം ആക്രമണം നെയ്‌തു. 71-ാം മിനിറ്റില്‍ കേരളം അടുത്ത വെടിപൊട്ടിച്ചു. ഇത്തവണ മുഹമ്മദ് റിയാസാണ് ലീഡുയര്‍ത്താന്‍ കേരളത്തെ സഹായിച്ചത്. ഒരുഗോളെങ്കിലും തിരിച്ചടിക്കാനുള്ള മേഘാലയയുടെ ഉദ്യമം കേരളത്തിന്റെ പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു. മത്സരം അവസാനിക്കാന്‍ നിശ്‌ചിതസമയം അഞ്ചുമിനിറ്റുള്ളപ്പോള്‍ പകരക്കാരനായെത്തിയ മുഹമ്മദ് അജ്‌സല്‍ കേരളത്തിന്റെ പട്ടിക തികച്ചു.