-->
പനാജി: രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരേ ആദ്യ ദിനം കേരളത്തിന് മുന്‍തൂക്കം. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 279 റണ്‍സെന്ന നിലയിലാണ് ഗോവ. അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നര്‍ അങ്കിത് ശര്‍മയുടെ ഉജ്വല പ്രകടനമാണ് ഗോവയുടെ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കിയത്.ടോസ് നേടിയ ഗോവ ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണര്‍മാരായ കശ്യപ് ബക്ലയെയും (12) അഭിനവ് തെജ്രാനയെയും (ഒന്ന്) പുറത്താക്കി അങ്കിത് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചു. ഓപ്പണര്‍ സുയാഷ് പ്രഭുദേശായിയുടെ ഇന്നിങ്‌സ് ഗോവയ്‌ക്ക് തുണയായി. ക്യാപ്‌റ്റന്‍ സ്‌നേഹല്‍ കൗതങ്കറുമായി ചേര്‍ന്ന് 55 റണ്ണിന്റെയും യഷ് കസവങ്കറുമായി ചേര്‍ന്ന് 60 റണ്ണിന്റെയും നിര്‍ണായക കൂട്ടുകെട്ടുകള്‍ സുയാഷ് പടുത്തുയര്‍ത്തി.
സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സുയാഷിനെ (172 പന്തില്‍ 86 റണ്‍) അഹമ്മദ് ഇമ്രാന്റെ കൈകളിലെത്തിച്ച് അങ്കിത് കേരളത്തിന് നിര്‍ണായക വഴിത്തിരിവ് സമ്മാനിച്ചു. 10 ബൗണ്ടറികളടങ്ങുന്നതായിരുന്നു സുയാഷിന്റെ ഇന്നിങ്‌സ്. സ്‌നേഹല്‍ കൗതങ്കര്‍ 29 റണ്ണും യഷ് കസവങ്കര്‍ 50 റണ്ണും നേടി. തുടര്‍ന്നെത്തിയ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ 39 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളടക്കം 36 റണ്‍സെടുത്തു.
അര്‍ജുനെ പുറത്താക്കിയാണ് അങ്കിത് ശര്‍മ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. 22 റണ്‍സെടുത്ത ദര്‍ശന്‍ മിസാലിനെ സച്ചിന്‍ ബേബിയും പുറത്താക്കി. രണ്ട് വിക്കറ്റ് വീഴ്‌ത്തിയ എന്‍.പി. ബേസിലും കേരളത്തിന് വേണ്ടി തിളങ്ങി.