-->
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കാണികള്‍ക്കായി വിപുലമായ പാര്‍ക്കിങ് സൗകര്യങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) അറിയിച്ചു. മത്സരം കാണാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിവിധ ഇടങ്ങളിലായി വിപുലമായ ഗ്രൗണ്ടുകള്‍ സജ്‌ജീകരിച്ചിട്ടുണ്ട്.
നാലുചക്ര വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ട്, കാര്യവട്ടം ഗവണ്‍മെന്റ് കോളജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്. ആറ്റിങ്ങല്‍, പോത്തന്‍കോട് ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലെ പാര്‍ക്കിംഗ് ഉപയോഗിക്കേണ്ടതാണ്. ചാക്ക ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് ലുലു മാള്‍, സമീപമുള്ള വേള്‍ഡ് മാര്‍ക്കറ്റ്, കരിക്കകം ക്ഷേത്രം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. അല്‍സാജ്, ലുലു മാള്‍, വേള്‍ഡ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കായി സ്‌റ്റേഡിയത്തിലേക്ക് കെ.സി.എ സൗജന്യ ടേമ്പോ ട്രാവലര്‍ അല്ലെങ്കില്‍ ഷട്ടില്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാറുകളില്‍ പരമാവധി ആളുകളെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.ഇരുചക്ര വാഹനങ്ങള്‍ക്കായി സ്‌റ്റേഡിയത്തിന് മുന്‍വശത്തുള്ള പ്രത്യേക പാര്‍ക്കിംഗ് ഇടം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മത്സരദിവസം ഉച്ചയ്‌ക്ക് 2 മണി മുതല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കാണികള്‍ കഴിവതും സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ സര്‍വീസുകളോ മറ്റ് പൊതുഗതാഗത സംവിധാനങ്ങളോ ഉപയോഗിക്കണമെന്ന് കെ.സി.എ അഭ്യര്‍ഥിച്ചു. ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ സ്‌റ്റേഡിയം പരിസരത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.
ടിക്കറ്റുള്ളവരെ മാത്രമേ കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്നവര്‍ വെട്ടുറോഡ് വഴി തീരദേശ റോഡ് ഉപയോഗിക്കണം. ശ്രീകാര്യം ഭാഗത്ത് നിന്ന് വരുന്നവര്‍ ചാവടിമുക്ക് കുളത്തൂര്‍ വഴി പോകേണ്ടതാണ്. കൂടാതെ ചെങ്കോട്ടുകോണം -കാര്യവട്ടം റൂട്ടിലും അന്നേദിവസം ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.