-->
മാഡ്രിഡ്: കരുത്തരായ റയാല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൗട്ട് പ്ലേ ഓഫിലേക്ക്. ബെന്‍ഫിക്കയോട് രണ്ടിനെതിരേ നാലുഗോളിനു തോറ്റതാണ് റയാലിന് ആദ്യ എട്ടു സ്‌ഥാനങ്ങളില്‍നിന്നു പുറത്താക്കിയത്. കിലിയന്‍ എംബാപ്പെ ഇരട്ടഗോളുമായി തിളങ്ങിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.
എട്ടില്‍ എട്ടുകളിയും ജയിച്ച ആഴ്‌സണല്‍ 24 പോയിന്റുമായി 36 ടീമുകളില്‍ ഒന്നാം സ്‌ഥാനത്തെത്തി. ബയേണ്‍ മ്യുണിച്ച്, ലിവര്‍പൂള്‍, ടോട്ടനം ഹോട്ട്‌സ്പര്‍, ബാഴ്‌സലോണ, ചെല്‍സി, സ്‌പോര്‍ട്ടിങ് സി.പി, മാഞ്ചസ്‌റ്റര്‍ സിറ്റി ടീമുകളാണ് ആദ്യ എട്ടിലെത്തിയത്. റയാല്‍ ഒന്‍പതാമതും ഇന്റര്‍ മിലാന്‍, നിലവിലെ ചാമ്പ്യന്‍ പാരിസ് സെയ്‌ന്റ് ജെര്‍മെയ്‌ന്‍, ന്യൂകാസില്‍ യുണൈറ്റഡ് , യുവെന്റസ്, അത്‌ലറ്റികോ മാഡ്രിഡ് എന്നീ ടീമുകളാണ് പത്തുമുതല്‍ 14 വരെ സ്‌ഥാനങ്ങളില്‍.
അറ്റലാന്റ, ബയേര്‍ ലെവര്‍ക്യൂസണ്‍, ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട്, ഒളിമ്പിയാക്കോസ്, ക്ലബ് ബ്രൂഗ, ഗലറ്റാസറെ, മൊണാകോ, ക്വാറബാഗ് എഫ്.കെ, ബോഡോ, ബെന്‍ഫിക്ക ടീമുകളാണ് 24 വരെയുള്ള സ്‌ഥാനങ്ങളില്‍.
ഇന്നലെ നടന്ന പോരാട്ടങ്ങളില്‍ അയാക്‌സിനെ 1-2 ന് ഒളിമ്പിയാക്കോസും ആഴ്‌സണല്‍ 3-2 ന് കെയ്‌റാത് അല്‍മാറ്റിയെയും സ്‌പോര്‍ട്ടിങ് സി.പി. 3-2 ന് അത്‌ലറ്റിക് ബില്‍ബാവോയെയും തോല്‍പ്പിച്ചു.
അത്‌ലറ്റികോ മാഡ്രിഡിനെ 1-2 ന് ബോഡോ മറികടന്നു. ബാഴ്‌സലോണ 4-1 ന് എഫ്.സി. കോപ്പന്‍ഹേഗനെ കെട്ടുകെട്ടിച്ചു. ബയേര്‍ ലെവര്‍ക്യൂസണ്‍ 3-0 ന് വിയ്യാറയാലിനെയും ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിനെ എതിരില്ലാത്ത രണ്ടുഗോളിന് ഇന്റര്‍ മിലാനെയും ക്ലബ് ബ്രൂഗ 3-0 ന് മാഴ്‌സെയെയും ടോട്ടനം ഏകപക്ഷീയമായ രണ്ടു ഗോളിന് ഫ്രാങ്ക്‌ഫര്‍ട്ടിനെയും വീഴ്‌ത്തി.
ലിവര്‍പൂള്‍ എതിരില്ലാത്ത ആറു ഗോളിന് ക്വാറബാഗിനെയും മാഞ്ചസ്‌റ്റര്‍ സിറ്റി 2-0 ന് ഗലറ്റാസറെയും തോല്‍പ്പിച്ചു. പി.എസ്.ജിയെ ന്യുകാസില്‍ യുണൈറ്റഡ് 1-1 ന് തളച്ചു. ബയേണ്‍ മ്യൂണിച്ച് 2-1 ന് പി.എസ്.വിയെ തോല്‍പ്പിച്ചപ്പോള്‍ ചെല്‍സി 3-2 ന് നാപ്പൊളിയെ മറികടന്നു.