-->
ലാഹോര്‍: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ പാകിസ്‌താന് 22 റണ്‍ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ എട്ടുവിക്കറ്റിന് 168 റണ്ണടിച്ചു. ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ പാകിസ്‌താന് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്‌ടപ്പെടുത്തി 146 റണ്ണടിക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ മൂന്നു മത്സര പരമ്പരയില്‍ ആതിഥേയര്‍ 1-0 ന് മുന്നിലെത്തി. നാളെയാണു രണ്ടാം മത്സരം.
ആദ്യം ബാറ്റ് ചെയ്‌ത പാകിസ്‌താനുവേണ്ടി ഓപ്പണര്‍ സായിം അയൂബ് 22 പന്തില്‍ 40 റണ്ണടിച്ച് ടോപ്‌സ്കോററായി. ക്യാപ്‌റ്റന്‍ സല്‍മാന്‍ ആഗ (27 പന്തില്‍ 39), ബാബര്‍ അസം (24) തുടങ്ങിയവരും മികച്ച ബാറ്റിങ് കാഴ്‌ചവച്ചു. നേരിട്ട ആദ്യപന്തില്‍ ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ പുറത്തായശേഷമാണ് പാകിസ്‌താന്‍ മികച്ച സ്‌കോറിലെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി സ്‌പിന്നര്‍ ആദം സാംപ നാലോവറില്‍ 24 റണ്‍ വഴങ്ങി നാലുവിക്കറ്റ് വീഴ്‌ത്തി. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, മാഹ്ലി ബിയേഡ്‌മാന്‍ എന്നിവര്‍ക്കു രണ്ടുവീതം ഇരകളെ കിട്ടി.
മറുപടി പറഞ്ഞ ഓസ്‌ട്രേലിയയെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് പാക് ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. ഓപ്പണര്‍ മാത്യു ഷോര്‍ട്ടി (അഞ്ച്) നെ സായിം അയൂബ് പുറത്താക്കി. വെടിക്കെട്ട് ഓപ്പണറും ഓസീസ് നായകനുമായ ട്രാവിസ് ഹെഡ് 13 പന്തില്‍ 23 റണ്ണടിച്ച് അപകടഭീഷണി ഉയര്‍ത്തി. പക്ഷേ, അയൂബ്‌തന്നെ താരത്തെ ബാബര്‍ അസമിന്റെ കൈകിലെത്തിച്ചു. മധ്യനിരയില്‍ 11 പന്തില്‍ 15 റണ്ണടിച്ച മാറ്റ് റെന്‍ഷോ റണ്ണൗട്ടായി. കാമറൂണ്‍ ഗ്രീന്‍ (31 പന്തില്‍ 36) മുഹമ്മദ് നവാസിനു കീഴടങ്ങി. കൂപ്പര്‍ കൊണോലി (പൂജ്യം), മിച്ചല്‍ ഓവന്‍ (എട്ട്), ജോഷ് ഫിലിപ്പെ (12), ജാക് എഡ്‌വേര്‍ഡ്‌സ് എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയത് ഓസ്‌ട്രേലിയയെ കൂടുതല്‍ തകര്‍ച്ചയിലേക്കു തള്ളിവിട്ടു.
25 പന്തില്‍ പുറത്താകാതെ 34 റണ്ണടിച്ച സേവ്യര്‍ ബാര്‍ട്ട്‌ലെറ്റുംആദം സാംപ (അഞ്ച്) പുറത്താകാതെനിന്നു. പാകിസ്‌താനുവേണ്ടി സായിം അയൂബ്, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ടുവീതവും ഷാദാബ് ഖാന്‍ (ഒന്ന്), മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റ്‌വീതവും നേടി.