-->
ന്യൂഡല്‍ഹി: കലാലയങ്ങളില്‍ ജാതി വിവേചനം അവസാനിപ്പിക്കാനും തുല്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള യു.ജി.സി. തുല്യതാ പ്രോത്സാഹന ചട്ടങ്ങള്‍ (2026) സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. വ്യവസ്‌ഥകള്‍ അവ്യക്‌തവും ദുരുപയോഗിക്കാന്‍ സാധ്യതയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്‌റ്റിസ് സൂര്യകാന്തും ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. അപാകതകള്‍ ഒഴിവാക്കി ചട്ടങ്ങള്‍ വീണ്ടും രൂപീകരിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
പരിഷ്‌കരിച്ച ചട്ടങ്ങള്‍ പ്രാബല്യത്തിലാകുന്നതുവരെ 2012-ലെ യു.ജി.സി. ചട്ടങ്ങള്‍ തുടരുമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്‌തമാക്കുന്നു. കഴിഞ്ഞ 13-നാണ് യു.ജി.സി. (ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ തുല്യതാ പ്രോത്സാഹനം) 2026 ചട്ടങ്ങള്‍ വിജ്‌ഞാപനം ചെയ്‌തത്. കലാലയങ്ങളിലും സര്‍വകലാശാല ക്യാമ്പസുകളിലും ജാതി വിവേചനം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. എല്ലാ ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും തുല്യാവസരകേന്ദ്രങ്ങള്‍ സ്‌ഥാപിക്കുക എന്നതായിരുന്നു പ്രധാന നിര്‍ദേശം. ഇത്തരം കേന്ദ്രങ്ങളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി, വനിതാ പ്രതിനിധികളുണ്ടായിരിക്കും.
എന്നാല്‍, ചട്ടം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ പൊതുവിഭാഗം വിദ്യാര്‍ത്ഥികളില്‍നിന്നുള്‍പ്പെടെ കടുത്ത എതിര്‍പ്പുയര്‍ന്നു. അഡ്വ. മൃത്യുഞ്‌ജയ് തിവാരി, അഡ്വ. വിനീത് ജിന്‍ഡാല്‍, രാഹുല്‍ ദേവന്‍ എന്നിവരുടെ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. എതിര്‍കക്ഷികളായ കേന്ദ്രസര്‍ക്കാരിനും യു.ജി.സിക്കും നോട്ടീസ് അയച്ച കോടതി മാര്‍ച്ച് 19-ന് കേസ് വീണ്ടും പരിഗണിക്കും.
ചട്ടത്തിലെ വ്യവസ്‌ഥകള്‍ പൊതുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കെതിരേ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും കലാലയങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്നുമുള്ള വിമര്‍ശനമാണ് വ്യാപകമായുയര്‍ന്നത്. കലാലയങ്ങളില്‍ അപമാനിക്കപ്പെട്ടതിനേത്തുടര്‍ന്ന് ജീവനൊടുക്കിയ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, പായല്‍ തഡ്‌വിയുടെ മാതാവ് അബേദ സലിം തഡ്‌വി എന്നിവര്‍ 2019-ല്‍ ജാതിവിവേചനത്തിനെതിരേ പൊതുതാത്‌പര്യഹര്‍ജികളുമായി സുപ്രീം കോടതിയ സമീപിച്ചതിനേത്തുടര്‍ന്നാണ് യു.ജി.സി. ചട്ടങ്ങള്‍ രൂപീകരിച്ചത്.