-->
മുംബൈ: വിമാനപകടത്തില്‍ മരിച്ച മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ അംഗവുമായ സുനേത്ര പവാറിനോട് ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് എന്‍.സി.പി. അജിത് പവാറിന്റെ സംസ്‌കാര ചടങ്ങുകള്‍ അവസാനിച്ചതിനു പിന്നാലെ മുംബൈയില്‍ എന്‍.സി.പി നേതൃയോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് ആവശ്യം ഉന്നയിച്ചുവെന്നാണ് വിവരം.
സുനേത്ര പവാര്‍ സ്‌ഥാനം ഏറ്റെടുക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് എന്‍.സി.പി നേതാവും സംസ്‌ഥാന മന്ത്രിയുമായ നര്‍ഹരി സിര്‍വാല്‍ പറഞ്ഞു.
മുതിര്‍ന്ന എന്‍.സി.പി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭുജ്‌ബല്‍, ധനഞ്‌ജയ് മുണ്ടെ എന്നിവര്‍ സുനേത്ര പവാറിനെ സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി പദവി ഏറ്റെടുക്കാന്‍ നേതാക്കള്‍ അവരെ പ്രേരിപ്പിച്ചതായാണ് എന്‍.സി.പി വൃത്തങ്ങള്‍ പറയുന്നത്. ഉപമുഖ്യമന്ത്രി പദം സുനേത്ര ഏറ്റെടുക്കാന്‍ തയാറായാല്‍ അജിത് പവാറിന്റെ ബാരാമതി സീറ്റില്‍ ഇവര്‍ മത്സരിച്ചേക്കും.
സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നിര്‍ദേശങ്ങളും മറ്റു ഭാവിപരിപാടികളും ചര്‍ച്ച ചെയ്യുന്നതിനായി എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവസുമായി കൂടിക്കാഴ്‌ച നടത്തും. നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ താല്‍ക്കാലികമായി പാര്‍ട്ടിയുടെ നേതൃത്വചുമതലകള്‍ വഹിക്കുമെന്നാണു വിവരം. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയുമായി ലയിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ പിന്നീട് തീരുമാനമെടുക്കും.
മഹാരാഷ്‌ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മുതല്‍ അജിത് പവാര്‍ ലയന ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ വിയോഗം. എന്നാല്‍, അജിത് പവാര്‍ പക്ഷത്തുള്ള 41 എം.എല്‍.എമാര്‍ ശരദ് പവാറിന്റെ പാര്‍ട്ടിയിലേക്ക് തിരികെപ്പോകില്ലെന്ന് ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പി നടത്തിയേക്കും. സുനേത്ര നിലവില്‍ രാജ്യസഭാംഗമാണ്. ഭരണപരമായ പരിചയമില്ലെങ്കിലും രാഷ്‌ട്രീയമായി സജീവമാണ്.
അജിത് പവാറിന്റെ മകന്‍ പാര്‍ഥ് പവാര്‍ ഒരുതവണ മാവല്‍ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റിരുന്നു.
മറ്റൊരു മകനായ ജയ്‌പവാറാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നത്.
2024ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടിയ ഭരണകക്ഷിയായ മഹായുതിയില്‍ ബി.ജെ.പിക്ക് 132 എം.എല്‍.എ.മാരുണ്ട്, തൊട്ടുപിന്നാലെ ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയ്‌ക്ക് 57-ഉം പവാറിന്റെ എന്‍.സി.പിക്ക് 41-ഉം എം.എല്‍.എമാരുണ്ട്. മഹാരാഷ്‌ട്രയില്‍ അടുത്തിടെ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യകക്ഷികളില്‍നിന്ന് വേറിട്ട് മത്സരിച്ച എന്‍.സി.പി. 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലായി 167 സീറ്റ് മാത്രമാണ് നേടിയത്.