-->
ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ. 2026- 2027 സാമ്പത്തിക വര്‍ഷം ജി.ഡി.പി. 6.8% മുതല്‍ 7.2% വരെ വളര്‍ച്ച നേടുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക സ്‌ഥിരതയില്‍ ചാഞ്ചാട്ടം തുടരുകയാണെങ്കിലും ഇന്ത്യ സ്‌ഥിരമായ വളര്‍ച്ചാ പാതയിലാണെന്നും സര്‍വേ പറയുന്നു. ഇന്ത്യയുടെ ഇടത്തരം വളര്‍ച്ചാ സാധ്യത ഏകദേശം 7 ശതമാനമാണ്. പരിഷ്‌കരണ നടപടികളുടെ വേഗം കൂടുകയും നിക്ഷേപം വര്‍ധിക്കുകയും ചെയ്‌താല്‍ ഈ നിരക്കില്‍ മുന്നോട്ടുപോകാന്‍ കഴിയും. യു.എസിന്റെ താരിഫ് വര്‍ധന ഉള്‍പ്പെടെയുള്ള ഭീഷണികള്‍ക്കിടയിലും രാജ്യത്തിന്റെ കയറ്റുമതി മേഖല ശക്‌തിപ്രാപിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോളതലത്തിലെ അനിശ്‌ചിതത്വങ്ങള്‍ ഇന്ത്യക്കും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ടെങ്കിലും ഇതു കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണ്. എന്നാല്‍, അടുത്ത വര്‍ഷത്തെ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്. നയപരമായ വിശ്വാസ്യത നിലനിര്‍ത്തേണ്ടതും ആവശ്യമാണ്.
തെരഞ്ഞെടുത്ത പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാരിന് അധിക വരുമാനം നേടാന്‍ കഴിയുമെന്നും രേഖ ചൂണ്ടിക്കാണിക്കുന്നു. ജി.എസ്.ടി. പരിഷ്‌കാരങ്ങള്‍ വിപണിക്ക് ഉണര്‍വേകി. അടുത്തഘട്ടത്തിലുള്ള പരിഷ്‌കരണത്തില്‍ ഇ-വേ ബില്‍ സംവിധാനം ശക്‌തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.
ധനക്കമ്മി ഘട്ടംഘട്ടമായി കുറയ്‌ക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. 2020-21 ല്‍ 9.2 ശതമാനമായിരുന്ന ധനക്കമ്മി 2024-25 ല്‍ 4.8 ശതമാനമായി. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തിയും കുറഞ്ഞു. ആഭ്യന്തര ആവശ്യകത, സ്വകാര്യ ഉപഭോഗം, മൂലധന രൂപീകരണം എന്നിവ വരും വര്‍ഷങ്ങളില്‍ വളര്‍ച്ചയെ നയിക്കും. നിര്‍മാണ മേഖല ശക്‌തിപ്പെട്ടെന്നും കാര്‍ഷിക മേഖല സ്‌ഥിരത കൈവരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രൂപയുടെ വിലയിടിവ് രാജ്യത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്‌ഥിതിയെ പ്രതിഫലിപ്പിക്കുന്നില്ല. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ഈ വര്‍ഷത്തില്‍ അന്തിമധാരണയിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.