Wednesday, March 11, 2026 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.02 AM

‘എത്ര തവണ ഞാൻ പോയതാ; എക്സൈറ്റ് ചെയ്യിക്കുന്ന ഐറ്റവുമായി ചെന്നാല്‍ അദ്ദേഹം സ്വീകരിക്കുമെന്നുറപ്പാണ്; പക്ഷേയതിന് പറ്റിയ ഒരു ഐറ്റം വേണ്ടേ എന്റെ കൈയില്‍...’മമ്മൂട്ടിക്കൊപ്പമുള്ള സിനിമയെപ്പറ്റി ജീത്തു ജോസഫ്

മലയാളത്തിലെ ക്രൈം ത്രില്ലറുകള്‍ക്ക് പുതിയൊരു ബെഞ്ച്മാർക്ക് നല്‍കിയ സിനിമയാണ് ‘ദൃശ്യം’. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം എന്തുകൊണ്ട് ഒരു സിനിമ സംഭവിക്കുന്നില്ല എന്നതിന് മറുപടി പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.
Mammootty, Director Jeethu Joseph, Drishyam movie
Director Jeethu Jospeh about movie with mammootty (Image Source: Youtube)

ജീത്തു ജോസഫ് എന്ന് കേള്‍ക്കുമ്പോഴേ ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയിലാണ് പ്രേക്ഷകര്‍ ഓര്‍ക്കാറ്. മലയാളത്തിലെ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായ ‘ദൃശ്യം’ ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ ജീത്തു ജോസഫിന് കഴിഞ്ഞു. ജീത്തുവിന്റെ സിനിമകളിലെ ട്വിസ്റ്റുകള്‍ എന്നും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.
ഇത്രയധികം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് എന്ന് കേട്ടാല്‍ സിനിമാപ്രേമികളുടെ മനസിലേക്ക് ആദ്യം എത്തുന്ന സിനിമ ദൃശ്യം ആയിരിക്കും. മോഹന്‍ലാലിനും ഏറെ പ്രശംസകള്‍ നേടിക്കൊടുത്ത സിനിമ കൂടിയാണിത്. എന്നാല്‍ ദൃശ്യത്തിലെ ജോര്‍ജുകുട്ടിയെ അവതരിപ്പിക്കാന്‍ ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. പക്ഷേ തിരക്കഥയില്‍ തൃപ്തി തോന്നാത്തതിനാല്‍ മമ്മൂട്ടി ചിത്രം ഒഴിവാക്കുകയായിരുന്നുവെന്ന് ജീത്തു ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. അതിനു ശേഷം മമ്മൂട്ടിയുമൊത്ത് മറ്റൊരു ജീത്തു ജോസഫ് ചിത്രം ഇതുവരെ സംഭവിച്ചിട്ടില്ല. ഈ കൂട്ടുകെട്ട് എന്നാണ് കാണാന്‍ കഴിയുക എന്നത് അന്നുമുതല്‍ ജീത്തു ജോസഫ് നേരിടുന്ന ചോദ്യമാണ്.
ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള മറുപടി പറയുകയാണ് ജീത്തു ജോസഫ്. തന്റെ ഏറ്റവും പുതിയ സിനിമയായ ‘ വലതുവശത്തെ കള്ളന്റെ’ പ്രൊമോഷനുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഇതിനുള്ള മറുപടി പറഞ്ഞത്. എന്നാണ് ഇനി ശ്രീ മമ്മൂട്ടിയെ തൃപ്തിപ്പെടുത്താനാവുന്ന ഒരു സിനിമ ജീത്തു ജോസഫ് ചെയ്യുക, ഇനി എന്നാണ് ഒരു പ്രോജക്റ്റുമായി മമ്മൂട്ടിയെ സമീപിക്കുക എന്ന അവതാരകന്റെ ചോദ്യത്തിനാണ് ജീത്തു മറുപടി പറയുന്നത്.
‘‘ഞാന്‍ എത്ര തവണ പോയതാ. അദ്ദേഹത്തിന് പറ്റുന്ന നല്ല ഒരു ക്യാരക്റ്റര്‍ വന്നാല്‍ ഇനിയും ഞാന്‍ ചെല്ലും. അദ്ദേഹത്തിനും എന്നെ വലിയ കാര്യമാണ്. എനിക്കത് വ്യക്തിപരമായി അറിയാം. നിര്‍ഭാഗ്യകരമായ ചില കാരണങ്ങള്‍ കൊണ്ട് അന്നൊന്നും അത് നടന്നില്ല. അദ്ദേഹത്തെ എക്സൈറ്റ് ചെയ്യിക്കാന്‍ പറ്റുന്ന ഒരു ഐറ്റവുമായി ഇനിയും ചെന്നാല്‍ അദ്ദേഹം എന്നെ സ്വീകരിക്കുമെന്ന് ഉറപ്പാണ്. പക്ഷേ അതിന് പറ്റിയ ഒരു ഐറ്റം വേണ്ടേ എന്റെ കൈയില്‍. അതാണ് പ്രശ്നം.
ഈയിലെ തെലുങ്കിലും ഹിന്ദിയിലുമൊക്കെ പലരുമായും കൂടിക്കാഴ്ച നടത്തുകയും സബ്ജക്റ്റുകള്‍ സംസാരിക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. പലരും ചില കഥാപാത്രങ്ങള്‍ ചെയ്യാന്‍ മടിക്കുന്നുണ്ട്. മലയാളത്തില്‍ അത്രയും ഇല്ല. എന്നാല്‍ ഇവിടെയും അതുണ്ട്. അവര്‍ക്കൊക്കെ ശരിക്കും ഒരു മോഡലാണ് മമ്മൂക്ക ഇപ്പോള്‍. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. ഒരു ആക്റ്റര്‍ ചെയ്യേണ്ടത് എന്താണ്.
ഒരു കഥാപാത്രം എന്താണെന്ന് നോക്കി പെര്‍ഫോം ചെയ്യുക. അത് അദ്ദേഹം കാണിച്ചുകൊടുക്കുകയാണ്. അത് പോസിറ്റീവോ നെഗറ്റീവോ എന്താണെങ്കിലും. അതാണ് ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ മാതൃക മറ്റുള്ളവരും പിന്തുടര്‍ന്നാല്‍ നല്ല നല്ല സിനിമകള്‍ ഉണ്ടാവും...’’ ജീത്തു ജോസഫ് പറഞ്ഞു. ജീത്തുവിന്റെ വാക്കുകള്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഏറ്റെടുക്കുകയാണ്. മമ്മൂട്ടി- ജീത്തു ജോസഫ് കോമ്പോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ കുറിക്കുന്നത്.

Ads by Google
Thursday 29 Jan 2026 11.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW