-->
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ നടക്കാനിരിക്കുന്നതു വമ്പന്‍ പോരാട്ടങ്ങള്‍. 25-ാം ഗ്രാന്‍സ്ലാം കിരീടം പ്രതീക്ഷിക്കുന്ന സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ചും നിലവിലെ ചാമ്പ്യന്‍ ഇറ്റലിയുടെ യാനിക് സിന്നറുമാണ് വെള്ളിയാഴ്‌ച നടക്കുന്ന ഒന്നാം സെമിയില്‍ ഏറ്റുമുട്ടുന്നത്. ലോക ഒന്നാം നമ്പര്‍ സ്‌പെയിന്റെ കാര്‍ലോസ് അല്‍കാറസും മൂന്നാം സീഡ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവും തമ്മിലാണു രണ്ടാം സെമി.
ഇന്നു നടക്കുന്ന വനിതാ സിംഗിള്‍സ് സെമിയില്‍ ലോക ഒന്നാം നമ്പര്‍ ബെലാറസിന്റെ ആര്യാന സബാലങ്കയും എലിന സ്വിറ്റോലിനയും തമ്മിലും ജെസീക പെഗുലം യെലേന റൈബാകിനയും തമ്മിലും ഏറ്റുമുട്ടും. യു.എസിന്റെ പെഗുല ക്വാര്‍ട്ടറില്‍ സഹ താരം അനസ്‌താസ്യ അനിസിമോവയെയാണു തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍: 6-2, 7-6 (7/1).
മുന്‍ ലോക ഒന്നാം നമ്പര്‍ പോളണ്ടിന്റെ ഇഗാ സ്വിയാടെകിനെയാണു കസഖ്‌സ്ഥാന്‍കാരിയായ റൈബാകിന തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-1.
ജാനിക് സിന്നര്‍ തന്റെ അപരാജിത കുതിപ്പ് തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ യു.എസിന്റെ ബെന്‍ ഷെല്‍ട്ടണിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്‌്. സ്‌കോര്‍: 6-3, 6-4, 6-4.
മെല്‍ബണിലെ തന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് സിന്നര്‍ പുറത്തെടുത്തത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തുടര്‍ച്ചയായ 19-ാം ജയമാണിത്. പ്രധാന ടൂര്‍ണമെന്റുകളില്‍ അവസാനമായി കളിച്ച 37 സെറ്റുകളില്‍ 36 എണ്ണവും ജയിച്ച് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്നു വ്യക്‌തമാക്കി. മത്സരത്തിലുടനീളം സിന്നറുടെ സര്‍വുകളും വോളികളും ഡ്രോപ്പ് ഷോട്ടുകളും ഷെല്‍ട്ടണെ സമ്മര്‍ദ്ദത്തിലാക്കി. തുടര്‍ച്ചയായി ആറാം തവണയാണ് സിന്നര്‍ ഗ്രാന്‍സ്ലാം സെമി ഫൈനലിലെത്തുന്നത്. ഇറ്റലിയുടെ ലോറന്‍സോ മുസേറ്റി ക്വാര്‍ട്ടര്‍ ഫൈനലിനിടെ പരുക്കേറ്റു പിന്മാറിയതോടെയാണു ജോക്കോവിച്ച് നേരിട്ടു സെമിയില്‍ കടന്നത്. മത്സരം 6-4, 6-3, 1-3 എന്നു നില്‍ക്കേയാണു മുസേറ്റി പിന്മാറിയത്‌്. ഇവിടെ രണ്ടാം തവണയാണു ജോക്കോ വാക്കോവര്‍ നേടുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലികിന്റെ യാകൂബ് മെന്‍സിച് പിന്മാറിയിരുന്നു.