-->
വിശാഖപട്ടണം: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 50 റണ്ണിനാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന് 215 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ 19-ാം ഓവറില്‍ 165 റണ്ണിന് ഓള്‍ഔട്ടായി. അഞ്ച് ട്വന്റി20 കളുടെ പരമ്പര 3-1 എന്ന നിലയിലായി.
അവസാന മത്സരം ശനിയാഴ്‌ച തിരുവനന്തപുരത്തു നടക്കും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ ടിം സീഫര്‍ട്ട് (36 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 62), ഡാരില്‍ മിച്ചല്‍ (18 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 39), ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ (23 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 44), ഗ്ലെന്‍ ഫിലിപ്‌സ് (16 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 24) എന്നിവരാണു ന്യൂസിലന്‍ഡിനു കരുത്തായത്. മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മാറ്റ് ഹെന്റി എറിഞ്ഞ ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മയെ നഷ്‌ടമായി.
നായകന്‍ സൂര്യകുമാര്‍ യാദവിനെ (എട്ട്) ജേക്കബ് ഡഫി സ്വന്തം ബൗളിങ്ങില്‍ പിടികൂടി. ഓപ്പണര്‍ സഞ്‌ജു സാംസണും (15 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 24) റിങ്കു സിങും (30 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 39) ചെറുത്തെങ്കിലും വിഫലമായി. ശിവം ദുബെയുടെ വെടിക്കെട്ട് (23 പന്തില്‍ ഏഴ് സിക്‌സറും മൂന്ന് ഫോറുമടക്കം 65) വിജയ പ്രതീക്ഷ നല്‍കി. പക്ഷേ മറ്റു ബാറ്റര്‍മാരുടെ പിന്തുണ ലഭിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യ (രണ്ട്), ഹര്‍ഷിത് റാണ (ഒന്‍പത്), അര്‍ഷദീപ് സിങ് (0), ജസ്‌പ്രീത് ബുംറ (നാല്, കുല്‍ദീപ് യാദവ് (ഒന്ന്) എന്നിവര്‍ രണ്ടക്കം കാണാതെ മടങ്ങി. രവി ബിഷ്‌ണോയ് 10 റണ്ണുമായിനിന്നു. ന്യൂസിലന്‍ഡിനായി നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ മൂന്ന് വിക്കറ്റും ജേക്കബ് ഡഫി, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മാറ്റ് ഹെന്റി, സാക് ഫോക്‌സ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.