-->
മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍.സി.പി. നേതാവുമായ അജിത് പവാര്‍(66) വിമാനാപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ 8.10 നു മുംബൈയില്‍നിന്ന് പറന്നുയര്‍ന്ന ചെറുവിമാനം അരമണിക്കൂറിനുശേഷം ലാന്‍ഡിങ് ശ്രമത്തിനിടെ ബാരാമതി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു.
അജിത്തിന്റെ പഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂര്‍, ഷംഭവി പാഠക്, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് എന്നിവരും അപകടത്തില്‍ മരിച്ചതായി ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് ബാരാമതിയില്‍. ഭാര്യ സുനേത്ര പവാര്‍. മക്കള്‍: ജയ്, പാര്‍ഥ്. അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യോഗങ്ങളില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു അജിത് പവാര്‍.
മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ പ്രമുഖ നേതാക്കളിലൊരാളായ അജിത് പവാര്‍, എന്‍.സി.പി. സ്‌ഥാപകനേതാവ് ശരദ് പവാറിന്റെ സഹോദര പുത്രനാണ്. പൃഥ്വിരാജ് ചവാന്‍, ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നീ നാല് മുഖ്യമന്ത്രിമാരുടെ കീഴില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2023 ല്‍, എന്‍.സി.പി. പിളര്‍ന്നു. അജിത് പവാറിന്റെയും നേതൃത്വത്തിലുള്ള എന്‍.സി.പി. പിന്നീട് എന്‍.ഡി.എയുടെ ഭാഗമായി. നിരവധി തവണ നിയമസഭാംഗവും സംസ്‌ഥാനമന്ത്രിയുമായ അജിത് പവാര്‍, 1991 ല്‍ ബാരാമതി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റിലെത്തി.
അജിത് പവാറിന്റെ അകാല മരണം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടിത്തട്ടില്‍നിന്നുള്ളവരുമായി ശക്‌തമായ ബന്ധമുണ്ടായിരുന്ന ജനകീയ നേതാവായിരുന്നു അദ്ദേഹമെന്നും മോദി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി. അപകടവിവരം അറിഞ്ഞയുടന്‍ അമിത് ഷാ പൂനെയിലേക്കു പോയി.
വി.ഐ.പികളുടെ യാത്രയ്‌ക്കും മറ്റും ഉപയോഗിക്കുന്ന ലിയര്‍ജെറ്റ് 45 എന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വി.എസ്.ആര്‍. എന്ന കമ്പനിയാണു സര്‍വീസ് നടത്തിയിരുന്നത്. ലാന്‍ഡിങ്ങിനു ശ്രമിച്ചപ്പോള്‍ ആദ്യതവണ റണ്‍വേ കാണുന്നതില്‍ പ്രശ്‌നമുണ്ടായിരുന്നെന്നാണു സൂചന. ആകാശത്ത് ഒന്നു ചുറ്റിയിട്ട് രണ്ടാമതും ലാന്‍ഡിങ്ങിനു ശ്രമിക്കുമ്പോഴായിരുന്നു അപകടം.