Thursday, March 12, 2026 Last Updated 41 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.41 PM

ഇനി സമാധാനം മതി, പദവികള്‍ വേണ്ട

മുംബൈ: കിന്നര്‍ അഖാഡയിലെ മഹാമണ്ഡലേശ്വര്‍ സ്‌ഥാനത്തുനിന്നു രാജിവയ്‌ക്കുകയാണെന്നു മുന്‍ ബോളിവുഡ്‌ താരമായ മംമ്‌ത കുല്‍ക്കര്‍ണി. ആത്മീയ യാത്രയ്‌ക്ക് ഇനി സ്‌ഥാനമാനങ്ങളോ ഔദ്യോഗിക അംഗീകാരമോ ആവശ്യമില്ലെന്നും അവര്‍ വ്യക്‌തമാക്കി.
'ഞാന്‍, മംമ്‌ത മുകുന്ദ്‌ കുല്‍ക്കര്‍ണി, പൂര്‍ണ മനസോടെ, ജനുവരി 27 മുതല്‍ കിന്നര്‍ അഖാഡയിലെ മഹാമണ്ഡലേശ്വര്‍ സ്‌ഥാനത്ത്‌ നിന്ന്‌ രാജിവയ്‌ക്കുകയാണ്‌.
ഡോ. ആചാര്യ ലക്ഷ്‌മി നാരായണന്‍ ത്രിപാഠിയുമായി യാതൊരു പ്രശ്‌നങ്ങളുമില്ല, ബഹുമാനം നല്‍കിയതില്‍ പൂര്‍ണ സ്‌നേഹത്തോടെ നന്ദി.' അവര്‍ ഇന്‍സ്‌റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്‌തമാക്കി.
തന്റെ ആത്മീയ വിശ്വാസങ്ങള്‍ പരിണമിച്ചെന്നും ഇനി ഘടനാപരമായ റോളുകളോ ശ്രേണികളോ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. ഗുരുവായ ശ്രീ ചൈതന്യ ഗംഗാഗിരി നാഥ്‌ തന്റെ കാഴ്‌ചപ്പാടുകളെ രൂപപ്പെടുത്തിയതായും മംമ്‌ത സമ്മതിച്ചു. അദ്ദേഹം ഒരിക്കലും ഔദ്യോഗിക പദവികള്‍ സ്വീകരിച്ചിരുന്നില്ലെന്ന്‌ അവര്‍ വെളിപ്പെടുത്തി.
ഒരു സംഘടനയുമായോ കൂട്ടായ്‌മയുമായോ പ്രത്യയശാസ്‌ത്രവുമായോ ബന്ധമില്ലാതെ, നിശബ്‌ദമായി ആത്മീയ സമ്പ്രദായങ്ങള്‍ തുടരാന്‍ താന്‍ ഉദ്ദേശിക്കുന്നതായി മംമ്‌ത പറഞ്ഞു.
'ഞാന്‍ 25 വര്‍ഷം സന്യാസിനി ജീവിതം നയിച്ചു, ഇതേ രീതിയില്‍ നിശബ്‌ദമായി മുന്നോട്ട്‌ പോകും.
ഏതെങ്കിലും പാര്‍ട്ടിയുടെയോ പ്രത്യേക കൂട്ടായ്‌മയുടെയോ പ്രചാരകയാകാതെ, ആവശ്യമുള്ളിടത്ത്‌ ആവശ്യമുള്ളപ്പോള്‍ എന്റെ അറിവ്‌ പങ്കുവയ്‌ക്കും'- അവര്‍ വ്യക്‌തമാക്കി.
1990കളിലെ ഏറ്റവും പ്രശസ്‌തരായ ഹിന്ദി സിനിമാ താരങ്ങളില്‍ ഒരാളായിരുന്നു മംമ്‌ത കുല്‍ക്കര്‍ണി. 'വഖ്‌ത് ഹമാരാ ഹൈ', 'ക്രാന്തിവീര്‍', 'കരണ്‍ അര്‍ജുന്‍', 'സബ്‌സെ ബഡാ ഖിലാഡി', 'അന്ദോളന്‍', 'ബാസി', 'ചൈന ഗേറ്റ്‌', 'ഛുപ രുസ്‌തം: എ മ്യൂസിക്കല്‍ ത്രില്ലര്‍' തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെയാണ്‌ അവര്‍ ശ്രദ്ധേയയായത്‌. 'കഭീതും കഭീ ഹം' എന്ന ചിത്രത്തിനു ശേഷം സിനിമയില്‍നിന്നു പിന്മാറി. ഇരുപതിലേറെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം, 2025ല്‍ മംമ്‌ത വീണ്ടും പൊതുരംഗത്തേക്ക്‌ വരികയും സന്യാസം സ്വീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്‌തു. പ്രയാഗ്രാജ്‌ കുംഭമേളയ്‌ക്കിടെ, അവള്‍ക്ക്‌ ആത്മീയ ജീവിതത്തിലേക്ക്‌ പ്രവേശനവും കിന്നര്‍ അഖാഡയിലെ മഹാമണ്ഡലേശ്വര്‍ സ്‌ഥാനവും ലഭിച്ചു.
കിന്നര്‍ അഖാഡ സ്‌ഥാപകന്‍ ഋഷി അജയ്‌ ദാസ്‌, 2025 ജനുവരി 31ന്‌ അവരെ പുറത്താക്കിയതായി പ്രഖ്യാപിച്ചതോടെ അവര്‍ വീണ്ടും വിവാദത്തില്‍പ്പെട്ടു.
അധോലോക നേതാവ്‌ ദാവൂദ്‌ ഇബ്രാഹിമുമായുള്ള ബന്ധമുണ്ടെന്ന ആരോപണങ്ങളായിരുന്നു അവര്‍ക്കെതിരായ നീക്കത്തിനു കാരണം.

Ads by Google
Wednesday 28 Jan 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW