-->
മുംബൈ: പിതൃസഹോദരന്‍ ശരദ് പവാറുമായി ഒന്നിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അജിത് പവാര്‍ വിടപറഞ്ഞത്. 1999ല്‍ ശരദ് പവാറാണ് എന്‍.സി.പി. സ്‌ഥാപിച്ചത്. 2023ല്‍ ശരദ് പവാറിനെതിരേ അജിത് പവാര്‍ കലാപം നയിച്ചതിനെത്തുടര്‍ന്നായിരുന്നു പാര്‍ട്ടിയിലെ പിളര്‍പ്പ്. പിളര്‍പ്പിനുശേഷം അജിത് പവാര്‍ മഹാരാഷ്‌ട്രയിലെ എന്‍.ഡി.എ സര്‍ക്കാരില്‍ ചേര്‍ന്നു, ശരദ് പവാറും മകള്‍ സുപ്രിയ സുലെയും പ്രതിപക്ഷത്ത് തുടര്‍ന്നു.
പാര്‍ട്ടിയുടെ പേരിനും ചിഹ്‌നത്തിനും വേണ്ടിയുള്ള പോരാട്ടത്തിലും അജിത് പവാര്‍ വിജയിച്ചു, ശരദ് പവാര്‍ വിഭാഗത്തിന് പുതിയ പേരും (എന്‍.സി.പി- ശരദ്‌ചന്ദ്ര പവാര്‍)ചിഹ്‌നവും ലഭിച്ചു.2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ പാര്‍ട്ടി ഒരു സീറ്റ് മാത്രമാണ് നേടിയത്, എന്നാല്‍ ശരദ് പവാര്‍ വിഭാഗം എട്ട് സീറ്റുകള്‍ നേടി. അതോടെ എന്‍.സി.പി. യുദ്ധത്തില്‍ ശരദ് പവാര്‍ വിജയിച്ചെന്ന പ്രതീതി ഉണ്ടായി.
കഴിഞ്ഞ വര്‍ഷം നടന്ന മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിത്രം മാറി, അജിത് പവാറിന്റെ പാര്‍ട്ടി 41 സീറ്റുകള്‍ നേടി. ശരദ് പവാര്‍ വിഭാഗത്തിന് 10 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി തിരിച്ചെത്തി. ഒരു വര്‍ഷംകൂടി പിന്നിട്ടപ്പോള്‍ രാഷ്‌ട്രീയചിത്രം പിന്നെയും മാറി. സംസ്‌ഥാനം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ക്ക് തയാറെടുക്കുമ്പോള്‍, എന്‍.സി.പിയുടെ രണ്ട് വിഭാഗങ്ങളും അടുക്കാന്‍ തുടങ്ങി. ഇരു വിഭാഗവും പുനെയിലും പിംപ്രി ചിഞ്ച്‌വാദിലും ഉള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പുകള്‍ പ്രാദേശിക ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നതിനാല്‍ ഇത്തരം നീക്കങ്ങള്‍ സാധാരണയാണെന്നായിരുന്നു വിശദീകരണം. ബി.എം.സി. തെരഞ്ഞെടുപ്പില്‍ ഇരുപക്ഷവും ദയനീയമായി പരാജയപ്പെട്ടതും നേതാക്കള്‍ക്കു പാഠമായി. ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരില്‍ അജിത് പവാറിന്റെ സ്വാധീനം കുറയുന്നതായി നിരീക്ഷകര്‍ വിലയിരുത്തി. രണ്ട് എന്‍.സി.പി. വിഭാഗങ്ങളും വെറും ഒരു തവണത്തേക്കുള്ള രാഷ്‌ട്രീയ ക്രമീകരണം എന്നതിലുപരി, ഒരു ലയനം പരിഗണിക്കുന്നതായി സൂചനകള്‍ നല്‍കി. ഇരുവിഭാഗം നേതാക്കളായ അജിത് പവാറും സുപ്രിയ സുലെയും സംയുക്‌ത വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി. രണ്ട് വിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ പാര്‍ട്ടി വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നതായി ഇരുപക്ഷവും പറഞ്ഞു. ഔദ്യോഗികമായി, ലയനത്തെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു പിന്നീട് വിശദീകരണം വന്നു.
ഈ പശ്‌ചാത്തലത്തിലാണ് അജിത് പവാര്‍ വിടപറഞ്ഞത്. അദ്ദേഹത്തിന്റെ അകാല വിയോഗം പവാര്‍ കുടുംബത്തെ ദുഃഖത്തിലാഴ്‌ത്തി. അപകടവാര്‍ത്ത കേട്ട് ശരദ് പവാറും മകള്‍ സുപ്രിയ സുലെയും പുനെയിലേക്ക് കുതിച്ചു. ദുഃഖത്തില്‍ ഒരുമിച്ചുനില്‍ക്കുന്ന കുടുംബത്തെയാണ് ഇപ്പോള്‍ കാണുന്നത്.