-->
ദുബായ് : ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിംഗ് റാങ്കിംഗില്‍ 9 സ്ഥാനം നഷ്ടമാക്കി 51-ാം സ്ഥാനത്തേക്ക് വീണു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10ഉം രണ്ടാം മത്സരത്തില്‍ ആറും റണ്‍സെടുത്ത സഞ്ജു മൂന്നാം മത്സരത്തില്‍ ഗോൾഡന്‍ ഡക്കായിരുന്നു. ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഇന്ത്യയുടെ അഭിഷേക് ശര്‍മ . 929 റേറ്റിംഗ് പോയന്‍റുമായാണ് ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തിയത്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറികളുമായി ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ടോപ് 10ല്‍ തിരിച്ചെത്തിയതാണ് റാങ്കിംഗിലെ മറ്റൊരു സുപ്രധാന മാറ്റം. പുതിയ റാങ്കിംഗില്‍ 5 സ്ഥാനം ഉയര്‍ന്ന സൂര്യ ഏഴാം സ്ഥാനത്തെത്തി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ 32, 82*, 57* എന്നിങ്ങനെയായിരുന്നു സൂര്യകുമാറിന്‍റെ പ്രകടനം.
പരിക്കുമൂലം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നിന്നു വിട്ടു നില്‍ക്കുകയാണെങ്കിലും തിലക് വര്‍മ പുതിയ റാങ്കിംഗിലും മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഇതോടെ ടോപ് 10ല്‍ അഭിഷേകും സൂര്യയും തിലകും ഉള്‍പ്പെടെ 3 ഇന്ത്യൻ താരങ്ങള്‍ ഇടം പിടിച്ചു. ഇഷാൻ കിഷൻ 64-ാം റാങ്കോടെ ടി20 റാങ്കിംഗ് പട്ടികയിൽ തിരിച്ചെത്തിയതാണ് മറ്റൊരു മാറ്റം. 8, 76, 28 എന്നിങ്ങനെയായിരുന്നു ന്യൂസിലന്‍ഡിനെതിരെ ഇഷാന്‍ കിഷന്‍റെ പ്രകടനം. മികച്ച പ്രകടനത്തോടെ ശിവം ദുബെ ബാറ്റിംഗ് റാങ്കിംഗില്‍ 9 സ്ഥാനം ഉയര്‍ന്ന് 59-ാം സ്ഥാനത്തെത്തിയപ്പോൾ റിങ്കു സിംഗ് 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 68-ാം സ്ഥാനത്തെത്തി.
ബൗളിംഗ് റാങ്കിംഗില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പേസർ ജസ്പ്രീത് ബുമ്ര നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13-ാം റാങ്കിലെത്തി. മൂന്നാം ടി20യില്‍ മാത്രം കളിച്ച് രണ്ട് വിക്കറ്റെടുത്ത മുന്‍ ലോക ഒന്നാം റാങ്കുകാരനായ രവി ബിഷ്ണോയ് 13 സ്ഥാനങ്ങൾ കയറി 19-ാം റാങ്കിലെത്തി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ബൗളിംഗ് റാങ്കിങ്ങിൽ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 59-ാം റാങ്കിലെത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹാര്‍ദ്ദിക് മൂന്നാം സ്ഥാനത്താണ്.