-->
സാധാരണക്കാരുടെ കഥകള്‍ പറഞ്ഞ് എന്നും പ്രേക്ഷകമനസ്സിലിടം നേടിയിട്ടുള്ള സംവിധായകനാണ് വിനയന്‍. പരീക്ഷണ ചിത്രങ്ങളിലൂടെ തന്റേതായ ഒരു സ്ഥാനം മലയാള സിനിമയിൽ നേടാന്‍ വിനയൻ എന്ന സംവിധായകന് എന്നും കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ സ്റ്റാറുകൾ നിറഞ്ഞുനിൽക്കുമ്പോൾ കലാഭവൻ മണിയെ വെച്ച് സിനിമകളെടുത്ത് സൂപ്പർ ഹിറ്റാക്കിയിട്ടുണ്ട് വിനയന്‍.
തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതില്‍ വിനയന്‍ എന്നും മുന്നിലാണ്. പലപ്പോഴും വിവാദങ്ങള്‍ പിന്തുടര്‍ന്നിട്ടുള്ള വിനയന്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല. ആ സ്വഭാവം സിനിമാ സംഘടനകള്‍ക്ക് അതൃപ്തിയും ഉണ്ടാക്കിയിട്ടുണ്ട്. വിനയനെ സിനിമയില്‍ നിന്ന് വിലക്കാന്‍ പലപ്പോഴും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അത്തരം വിലക്കുകളെ അതിജീവിച്ച് അഭിപ്രായങ്ങളില്‍ ഉറച്ചു നിന്നിട്ടുണ്ട് വിനയന്‍.
വിനയന്‍- മോഹന്‍ലാല്‍ ചിത്രം സംഭവിക്കാതെ പോയതിന് പിന്നില്‍ സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രമാണെന്നും മോഹന്‍ലാലിന്റെ അപരനായി അറിയപ്പെട്ട മദന്‍ലാല്‍ അഭിനയിച്ച ഈ ചിത്രം മോഹന്‍ലാലിന്റെ അപ്രീതിക്ക് കാരണമായെന്നും അതിനാലാണ് ഇവര്‍ മോഹന്‍ലാലിനൊപ്പമുള്ള വിനയന്റെ ഒരു സിനിമ സംഭവിക്കാഞ്ഞതെന്നും അഭ്യൂഹങ്ങള്‍ കേട്ടിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തില്‍ സംഭവിച്ച ആ ചിത്രത്തെക്കുറിച്ചും അത് സൃഷ്ടിച്ച വിവാദത്തെക്കുറിച്ചും പറയുകയാണ് വിനയന്‍. മോഹന്‍ലാലിനും തനിക്കുമിടയില്‍ അങ്ങനെയൊരു അകല്‍ച്ച സംഭവിച്ചിട്ടില്ലെന്നും മോഹന്‍ലാലിന് ഒപ്പമുള്ളവരാണ് ഫാന്‍സിനെ തനിക്കെതിരെ തിരിച്ചതെന്നും വിനയന്‍ പറയുന്നു.
‘‘സിനിമയില്‍ എത്തുന്നതിന് ഞാനൊരു ഒരു നാടക സമിതി നടത്തിയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തോളം രൂപ നഷ്ടമാണ് സമിതിയിലൂടെ എനിക്ക് ഉണ്ടായത്. ഒരേയൊരു നാടകമാണ് നിരവധി വേദികള്‍ കിട്ടി വിജയിച്ചത്. ഇന്ദ്രജാലം എന്ന നാടകമായിരുന്നു അത്. കാവാലം സ്വദേശിയായ ശശികുമാറിന്റെ സാന്നിധ്യമായിരുന്നു അതിനു കാരണം.
സ്റ്റേജില്‍ ദൂരക്കാഴ്ചയില്‍ മോഹന്‍ലാലിനെപ്പോലെയിരിക്കുന്ന ശശികുമാര്‍. ഇയാള്‍ക്ക് എതിരെ നില്‍ക്കാന്‍ മമ്മൂട്ടിയുടെ ഛായയുള്ള സുദര്‍ശന്‍ തിരുവനന്തപുരത്തെയും ഞാന്‍ കൊണ്ടുവന്നു. പല വേദികളില്‍ കളിച്ച ഇന്ദ്രജാലം കാണാനിടയായ ഒരു ചലച്ചിത്ര നിര്‍മ്മാതാവാണ് ശശികുമാറിനെ വച്ച് ഒരു സിനിമ ചെയ്താലോ എന്ന് എന്നോട് ചോദിച്ചത്. അങ്ങനെയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ഉണ്ടായത്. ശശികുമാര്‍ ആണ് പില്‍ക്കാലത്ത് മദന്‍ലാല്‍ എന്ന പേരില്‍ അറിയപ്പെട്ടത്.
സൂപ്പർ സ്റ്റാറിന്റെ മുഖമുള്ള ഒരു ബാർബറുടെ കഥയായിരുന്നു അത്. സൂപ്പര്‍സ്റ്റാറിന്റെ ഛായ ഉണ്ടെങ്കിലും പട്ടിണിയിലാണ് ഇയാളുടെ ജീവിതം. സിനിമയോട് അഭിനിവേഷമുള്ള ഇയാളെ മുതലെടുക്കുന്ന ചുറ്റുമുറ്റവരും. എന്നാല്‍ ഒടുവില്‍ കളി കാര്യമാവുകയും ഇയാള്‍ ഒരു ബാങ്ക് മോഷണത്തിന്റെ ഭാഗമാവുകയുമൊക്കെ ചെയ്യുന്നു. ഒടുവില്‍ സൂപ്പര്‍സ്റ്റാര്‍ തന്നെ ഇയാളെ സഹായിക്കാനായി വരുന്നു. ഒരു എസി ബാർബർ ഷോപ്പ് നടത്താനായിട്ട് ഒരു ബ്ലാങ്ക് ചെക്ക് കൊടുക്കുകയാണ് താരം. ആ രണ്ട് സീനില്‍ മോഹൻലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഭയങ്കര സംഭവമായിട്ട് ഈ സിനിമ മാറിയേനെ.
ഒടുവില്‍ സിനിമ റിലീസ് ചെയ്തപ്പോൾ മോഹൻലാൽ ആരാധകർ തിയേറ്ററുകൾക്ക് മുന്നിൽ ബാനറുകൾ സ്ഥാപിച്ചു, അത് മോഹൻലാലിനെതിരെയുള്ള ഒന്നായി ചിത്രീകരിച്ചു, മോഹൻലാലിനോട് അടുപ്പമുള്ളവരും ഒപ്പമുള്ളവരുമാണ് ഫാന്‍സിനെ എനിക്കെതിരെ തിരിച്ചുവിട്ടത്. എന്നാല്‍ പില്‍ക്കാലത്ത് മോഹന്‍ലാല്‍ എന്നോട് സംസാരിച്ചപ്പോള്‍ അതിലൊന്നും അദ്ദേഹത്തിന് പ്രശ്നമുള്ളതായി തോന്നിയില്ല. മോഹന്‍ലാലിന് എതിരായിട്ട് ഉണ്ടാക്കിയ സിനിമയല്ല അത്. സിനിമാ മേഖലയില്‍ എത്തുമ്പോള്‍ തന്നെ ഒരു ബോംബ് പൊട്ടിച്ചുകൊണ്ടാണ് ഞാന്‍ വന്നത്...’’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കിട്ട് വീഡിയോയിലൂടെ വിനയന്‍ പറയുന്നു. മോഹന്‍ലാല്‍ നായകനായ ഹിറ്റ് ചിത്രം ഹിസ് ഹൈനസ് അബ്ദുള്ള തിയറ്ററിലെത്തിയ സമയത്ത് ആയിരുന്നു സൂപ്പര്‍സ്റ്റാറിന്റെ റിലീസ്.