-->
മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ സ്‌പെയിന്റെ കാര്‍ലോസ് അല്‍കാറസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമിന്റെ സെമി ഫൈനലില്‍ കടന്നു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രാദേശിക താരവും ആറാം സീഡുമായ അലക്‌സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റോഡ് ലേവര്‍ അരീനയില്‍ സ്‌പാനിഷ് താരം തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-2, 6-1.
വെള്ളിയാഴ്‌ച നടക്കുന്ന സെമിയില്‍ മൂന്നാം സീഡ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ അല്‍കാറസ് നേരിടും. സ്വരേവ് ക്വാര്‍ട്ടറില്‍ യു.എസിന്റെ യുവതാരം ലേണര്‍ ടിയാനെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 6-7 (5/7), 6-1, 7-6 (7/3).
മുന്‍ ലോക ഒന്നാം നമ്പര്‍ ഡാനില്‍ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് 20 വയസുകാരനായ ലേണര്‍ ടിയാന്‍ കരിയറിലാദ്യമായി ഗ്രാന്‍സ്ലാം ക്വാര്‍ട്ടറില്‍ കളിച്ചത്.
മിനൗറിനെ മറികടന്നതോടെ തന്റെ കരിയറിലെ പത്താം ഗ്രാന്‍സ്ലാം സെമിയിലേക്കാണ് അല്‍കാറസ് കടന്നത്. അല്‍കാറസിന് മെല്‍ബണ്‍ പാര്‍ക്കില്‍ ഇതുവരെ കിരീടം നേടാനായില്ല. ഒന്നാം സെറ്റില്‍ ഡി മിനോര്‍ ശക്‌തമായ പോരാട്ടം കാഴ്‌ചവച്ചെങ്കിലും നിര്‍ണായക നിമിഷങ്ങളില്‍ പതറാതെ കളിച്ച അല്‍കാരസ് സെറ്റ് സ്വന്തമാക്കി. തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ ഡി മിനോറിന് യാതൊരു അവസരവും നല്‍കാതെ അല്‍കാറസ് കളം നിറഞ്ഞു കളിച്ചു. ഈ ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് അല്‍കാറസ് മുന്നേറുന്നത്. ഇന്നു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക നാലാം നമ്പര്‍ നോവാക് ജോക്കോവിച്ച് ലൂകാസ് മുസേറ്റിയെ നേരിടും. ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത് മുതലാണു മത്സരം. മറ്റൊരു ക്വാര്‍ട്ടറില്‍ ബെന്‍ ഷെല്‍ട്ടണ്‍ യാനിക് സിന്നറിനെ നേരിടും. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ യുക്രൈയിന്റെ എലേന സ്വിറ്റോലിന കോകോ ഗൗഫിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 1-6, 2-6. ലോക ഒന്നാം നമ്പര്‍ ബെലാറസിന്റെ ആര്യാന സബാലങ്കയും സെമിയില്‍ കടന്നു. യു.എസിന്റെ ഇവാ ജോവിചിനെയാണ് സബാലങ്ക തോല്‍പ്പിച്ചത്‌്. സ്‌കോര്‍: 6-3, 6-0. എലേന സ്വിറ്റോലിനയുടെ കരിയറിലെ ഏറ്റവും വലിയ ജയമാണു രണ്ട്‌വട്ടം ഗ്രാന്‍സ്ലാം ചാമ്പ്യനായ ഗൗഫിനെതിരേ നേടിയത്.