-->
ന്യൂഡല്‍ഹി: ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒപ്പുവയ്‌ക്കുന്നതിനിടെ തന്റെ ഇന്ത്യാബന്ധം പങ്കുവച്ച് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്‌റ്റ. ഹൈദരാബാദ് ഹൗസില്‍ നടത്തിയ സംയുക്‌ത പത്രസമ്മേളനത്തിലാണ് അദ്ദേഹം തന്റെ ഗോവന്‍ വേരുകളെക്കുറിച്ചു പരാമര്‍ശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നുമൊപ്പം 18 വര്‍ഷത്തെ ചര്‍ച്ചകളുടെ ഫലപ്രാപ്‌തിയും കോസ്‌റ്റ ആഘോഷിച്ചു.
ലെയ്‌നിനൊപ്പം യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തെ നയിച്ചത് അന്റോണിയോ കോസ്‌റ്റയാണ്. താന്‍ യൂറോപ്യന്‍ കൗണ്‍സിലിന്റെ പ്രസിഡന്റും ഒരു വിദേശ ഇന്ത്യന്‍ പൗരനുമാണെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
"നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയുന്നതുപോലെ അതിനൊരു പ്രത്യേക അര്‍ത്ഥമുണ്ട്. പിതാവിന്റെ കുടുംബവഴിയിലുള്ള ഗോവയിലെ എന്റെ വേരുകളില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. യൂറോപ്പും ഇന്ത്യയും തമ്മിലുള്ള ബന്ധം എനിക്കു വ്യക്‌തിപരമായ ഒന്നാണ്." അദ്ദേഹം വിശദീകരിച്ചു.
വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്നും തങ്ങളുടെ ഉച്ചകോടി ലോകത്തിനു വ്യക്‌തമായ സന്ദേശം നല്‍കുന്നുണ്ടെന്നും കോസ്‌റ്റ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ആഗോളക്രമം അടിസ്‌ഥാനപരമായി പുനര്‍നിര്‍മിക്കപ്പെടുന്ന ഒരു സമയത്ത് യൂറോപ്യന്‍ യൂണിയനും ഇന്ത്യയും വിശ്വസനീയ പങ്കാളികളായി ഒരുമിച്ചു നില്‍ക്കുകയാണ്.
ഇനി ഈ പങ്കാളിത്തത്തെ അടുത്ത ഘട്ടത്തിലേക്കു കൊണ്ടുപോകും. ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ പൗരന്മാര്‍ക്കു നേട്ടങ്ങള്‍ കൊടുക്കാനും സമാധാനവും സാമ്പത്തിക വളര്‍ച്ചയും സുസ്‌ഥിര വികസനവും ഉറപ്പിക്കാനുള്ള ആഗോള ക്രമം രൂപപ്പെടുത്താനും ഞങ്ങള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാനവും സ്‌ഥിരതയും സാധ്യമാക്കുന്ന സുസ്‌ഥിരമായ ആഗോള ക്രമം രൂപപ്പെടുത്തുന്നതിനായി ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം അടുത്തഘട്ടത്തിലേക്കു നീങ്ങുകയാണെന്ന് കോസ്‌റ്റ പറഞ്ഞു. ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്‌ഥയാണ്.
ഇന്നത്തെ സ്വതന്ത്ര വ്യാപാര കരാര്‍ (ഫ്രീ ട്രേഡ് എഗ്രിമെന്റ്-എഫ്.ടി.എ.) യൂറോപ്പിനു ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. വ്യാപാരം, സുരക്ഷ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയില്‍ യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ ബന്ധങ്ങളില്‍ പുതിയ അധ്യായം തുറക്കുന്ന ഒരു ചരിത്ര നിമിഷമാണിത്. -കോസ്‌റ്റ പറഞ്ഞു.
ഇന്ത്യയില്‍ 'ബാബുഷ്' എന്ന വിളിപ്പേരുള്ള കോസ്‌റ്റ, വളരെക്കാലമായി രണ്ടു പ്രദേശങ്ങള്‍ക്കിടയിലെ പാലമാണ്. അദ്ദേഹത്തിന്റെ പിതാവും പ്രശസ്‌ത കവിയുമായ ഒര്‍ലാന്‍ഡോ കോസ്‌റ്റ ഗോവയിലാണു ജനിച്ചത്. ഇന്ത്യന്‍ പൈതൃകത്തിലുള്ള തന്റെ അഭിമാനത്തെക്കുറിച്ച് അന്റോണിയോ കോസ്‌റ്റ മുമ്പും പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം തന്റെ പോക്കറ്റില്‍ കൈയിട്ട് ഒ.സി.ഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡ് പുറത്തെടുത്തത് നേതാക്കള്‍ക്കിടയില്‍ ചിരിക്കും വഴിയൊരുക്കി.
ഗോവയുമായുള്ള കോസ്‌റ്റയുടെ ബന്ധം ആഴത്തില്‍ വേരൂന്നിയതാണ്. മുന്‍ പോര്‍ച്ചുഗീസ് കോളനിയായ ഗോവ അദ്ദേഹത്തിന്റെ മുത്തച്‌ഛന്റെ സ്‌ഥലമാണ്. ഈ പൈതൃകമാണ് 'ബാബുഷ്' എന്ന കൊങ്കണി വിളിപ്പേരില്‍ അദ്ദേഹം സ്‌നേഹപൂര്‍വം അറിയപ്പെടാന്‍ കാരണം. കവിയായ അദ്ദേഹത്തിന്റെ പിതാവിന് ഗോവ സൃഷ്‌ടിപരമായ പ്രചോദനമായിട്ടുണ്ട്. ഇന്ത്യന്‍ സാംസ്‌കാരിക സ്വാധീനങ്ങള്‍ ഉള്‍പ്പെടുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍.
ഈ ബന്ധങ്ങളെ മാനിച്ച് 2017 ലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കോസ്‌റ്റയ്‌ക്ക് ഒ.സി.ഐ കാര്‍ഡ് സമ്മാനിച്ചത്. ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാനും ആ യാത്രയില്‍ അദ്ദേഹം നേടി.