-->
ന്യൂഡല്‍ഹി: ഇന്ത്യ -യൂറോപ്യന്‍ യൂണിയന്‍(ഇ.യു.) സ്വതന്ത്ര വ്യാപാര കരാര്‍ വലിയ മാറ്റങ്ങള്‍ക്കു വഴിവയ്‌ക്കും. വൈന്‍, വിസ്‌കി, വാഹനങ്ങള്‍ എന്നിവയ്‌ക്കു വില കുറയും.
യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ കരാറിനെ 'എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്' എന്നാണു വിശേഷിപ്പിച്ചത്. കരാര്‍ പ്രകാരം ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ക്ക് യൂറോപ്യന്‍ വിപണി തുറന്നുകൊടുക്കും. ഇറക്കുമതി ചെയ്യുന്ന യൂറോപ്യന്‍ ഉത്‌പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ തീരുവ കുറയ്‌ക്കുന്നതിലൂടെ വില കുറയാനും ഇത് സഹായിക്കും.
കരാര്‍ യാഥാര്‍ഥ്യമാകാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ്, ഇന്ത്യ എന്നിവയുടെ അംഗീകാരം ആവശ്യമാണ്. ഇത് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആഡംബര കാര്‍ വില കുറയും
മെഴ്‌സിഡീസ്, ബി.എം.ഡബ്ല്യു, ഔഡി കാറുകള്‍ക്ക് വില കുറയും. യൂറോപ്യന്‍ കാറുകള്‍ക്ക് നിലവില്‍ 100 ശതമാനത്തില്‍ അധികം ഇറക്കുമതി തീരുവയുണ്ട്. കരാര്‍ പ്രകാരം, 15,000 യൂറോയില്‍ (ഏകദേശം 16 ലക്ഷം രൂപ) കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് ഇനി 40 ശതമാനം തീരുവ ഈടാക്കും. ഇതോടെ വിലയില്‍ ലക്ഷക്കണക്കിനു രൂപയുടെ വ്യത്യാസമുണ്ടാകും.
'ക്വോട്ട' അടിസ്‌ഥാനമാക്കിയുള്ള തീരുവ ഇളവുകള്‍ക്ക് സമ്മതിച്ചിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. ഉദ്യോഗസ്‌ഥന്‍ പറഞ്ഞതനുസരിച്ച്, ഇന്ത്യയിലെ വിപണിയില്‍ കൂടുതലും ചെറുകാറുകളാണ് (10 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ വിലയുള്ളവ). ഈ മേഖലയില്‍ യൂറോപ്യന്‍ യൂണിയന്റെ താല്‌പര്യം അത്ര വലുതല്ല.
മദ്യവില കുറയും
ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ വിപണികളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വൈനിനു കരാര്‍ പ്രകാരം വില കുറയും. നിലവില്‍, ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വൈനിന് 150 ശതമാനം ഇറക്കുമതി തീരുവയാണ് ഈടാക്കുന്നത്. പുതിയ കരാര്‍ ഇത് 20 ശതമാനമായി കുറയ്‌ക്കാന്‍ നിര്‍ദേശിക്കുന്നു, വില ഗണ്യമായി കുറയും. അടുത്ത 5- 10 വര്‍ഷത്തിനുള്ളില്‍ കരാര്‍ നടപ്പിലാക്കും. ഇത് കോഗ്നാക്, പ്രീമിയം ജിന്‍, വോഡ്‌ക എന്നിവയുടെ വില ഇന്ത്യയില്‍ കുറയ്‌ക്കും.
2.5 യൂറോയില്‍ താഴെ വിലയുള്ള വൈനുകള്‍ക്ക് തീരുവ ഇളവുകള്‍ ഉണ്ടായിരിക്കില്ല. ഇന്ത്യന്‍ വൈനുകള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ തീരുവ ഇളവുകള്‍ ലഭിക്കും.
മരുന്നുകള്‍ക്ക് വില കുറയും
യൂറോപ്പ് അത്യാധുനിക ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകള്‍ക്ക് പേരുകേട്ടതാണ്. ഈ കരാര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാന്‍സര്‍, മറ്റ് ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയ്‌ക്കും. യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ വിലയും കുറയ്‌ക്കും. ഈ കരാര്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് 27 യൂറോപ്യന്‍ വിപണികളില്‍ ഒരു വിപണി നല്‍കും.
നിര്‍മാണ ചെലവ് കുറയ്‌ക്കും
യൂറോപ്പില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ്, മൊബൈല്‍ ഫോണുകള്‍, ഹൈടെക് ഇലക്‌ട്രോണിക് സാധനങ്ങള്‍ എന്നിവയിലെ തീരുവ അവസാനിക്കും. ഇത് ഇന്ത്യയില്‍ ഗാഡ്‌ജറ്റുകളുടെ നിര്‍മാണ ചിലവ് കുറയ്‌ക്കും. മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ട്.
സ്‌റ്റീല്‍, രാസവസ്‌തുക്കള്‍:
ഇരുമ്പ്, സ്‌റ്റീല്‍, രാസവസ്‌തുക്കള്‍ എന്നിവയ്‌ക്ക് പൂജ്യം തീരുവ എന്ന നിര്‍ദേശമുണ്ട്. ഇതു നിര്‍മാണ, വ്യാവസായിക മേഖലകളിലെ അസംസ്‌കൃത വസ്‌തുക്കളുടെ വില കുറയ്‌ക്കും. ഇന്ത്യയില്‍ നിര്‍മിക്കുന്ന വസ്‌ത്രങ്ങള്‍, തുകല്‍, ആഭരണങ്ങള്‍ എന്നിവയ്‌ക്ക് യൂറോപ്യന്‍ വിപണി തുറന്നുകൊടുക്കും.