-->
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചെന്നാരോപിച്ചു കോണ്‍ഗ്രസ്.
മൂന്നാം നിരയിലാണ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടമൊരുക്കിയത്. രാജ്യത്തെ പ്രതിപക്ഷ നേതാവിനോടുള്ള ഈ രീതിയിലെ അവഹേളനം അംഗീകരിക്കാനാവില്ലെന്ന് അസം കോണ്‍ഗ്രസ് പ്രസിഡന്റ് ഗൗരവ് ഗോഗോയ് വ്യക്‌തമാക്കി.
ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടന്ന റിപ്പബ്ലിക്‌ദിനപരേഡിനു സാക്ഷിയാകാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എത്തിയിരുന്നു. എന്നാല്‍, ഇരുവര്‍ക്കും മൂന്നാംനിരയിലായിരുന്നു ഇരിപ്പിടം നല്‍കിയത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
റിപ്പബ്ലിക്‌ദിന പരിപാടിയില്‍ പ്രതിപക്ഷനേതാവിനോടു പാലിക്കേണ്ട പ്രോട്ടോക്കോള്‍ കാണാന്‍ കഴിഞ്ഞില്ല. പാര്‍ലമെന്റിനെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നു വിളിക്കുമ്പോള്‍ പ്രതിപക്ഷനേതാവിനോട് ഈ അവഗണന കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമേ കഴിയൂവെന്നും ഗോഗോയ് പറഞ്ഞു. ഇതേ ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിങ്‌വി, കോണ്‍ഗ്രസ് എം.പി. മാണിക്കം ടാഗോര്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തി. ഇത് അസ്വസ്‌ഥത ഉളവാക്കുന്നതാണെങ്കിലും ഈ കാലത്ത് ഇതു സംഭവിച്ചതില്‍ അതിശയിക്കാനില്ലെന്നായിരുന്നു സിങ്‌വിയുടെ പ്രതികരണം.
രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ബി.ജെ.പി. മനഃപൂര്‍വം ചെയ്‌തതാണിതെന്ന് മാണിക്കം ടാഗോര്‍ എം.പി. എക്‌സില്‍ കുറിച്ചു. 2018 ല്‍ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും പിന്‍നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരേയും കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രോട്ടോകോള്‍ പ്രകാരം ഏറ്റവും മുന്‍നിരയില്‍ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
നിരവധി പേര്‍ക്ക് ഒന്നാം നിരയില്‍ ഇരിപ്പിടം ഒരുക്കിയിട്ടും പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടം മാത്രം മൂന്നാം നിരയിലേക്ക് മാറ്റിയത് എന്തികൊണ്ടെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. മൂന്നാം നിരയില്‍ രാഹുല്‍ ഗാന്ധിയിരിക്കുന്ന ചിത്രമടക്കം പുറത്തുവിട്ടുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ചോദ്യം.