-->
ന്യൂഡല്‍ഹി: സൈനിക ശക്‌തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതി രാജ്യം എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ യുദ്ധസ്‌മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു.
കേരളത്തിന്റെയടക്കം 30 ടാബേ്ലാകളാണ് പരേഡില്‍ അണിനിരന്നത്. നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത നേട്ടവും കൊച്ചി വാട്ടര്‍ മെട്രോയും പ്രമേയമാക്കിയ നിശ്‌ചലദൃശ്യമാണ് കേരളം അവതരിപ്പിച്ചത്. വന്ദേമാതരം ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂര്‍വ ചിത്രങ്ങള്‍ കര്‍ത്തവ്യ പഥില്‍ പ്രദര്‍ശിപ്പിച്ചു. പുഷ്‌പാലങ്കാരങ്ങള്‍, ക്ഷണക്കത്തുകള്‍, വിഡിയോകള്‍, ടാബേ്ലാകള്‍ എന്നിവയിലെല്ലാം ഈ പ്രമേയം പ്രതിഫലിച്ചു.
ആധുനിക ആയുധ സംവിധാനങ്ങള്‍, ഡ്രോണുകള്‍, ടാങ്കുകള്‍, മിസൈല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്‌റ്ററുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. നാവികസേനയുടെ വിമാനങ്ങള്‍ അണിനിരക്കുന്ന ഫ്‌ലൈപാസ്‌റ്റില്‍ 29 വിമാനങ്ങള്‍ ആണ് ഉണ്ടായിരുന്നത്. റാഫേല്‍, സു30 എംകെഐ, മിഗ്29 വിമാനങ്ങളും അപ്പാച്ചെ, എല്‍സിഎച്ച് പ്രചണ്ഡ് ഹെലികോപ്‌റ്ററുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്‌റ്റയും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനും ചടങ്ങില്‍ മുഖ്യാതിഥികളായി.