-->
മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന ചിത്രങ്ങളെന്നു കേള്‍ക്കുമ്പോഴേ ആരാധകര്‍ക്ക് ആവേശമാണ്. അത്തരത്തില്‍ മലയാളസിനിമയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കാൻ ഒരുങ്ങുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹൻലാല്‍ ചിത്രം ‘പേട്രിയറ്റ്’. അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ഈ ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. വലിയ ഹൈപ്പുള്ള ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്‍ക്കുമായി വലിയ കാത്തിരിപ്പാണ് ആരാധകര്‍ക്കുള്ളത്.
ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം 2026 ഏപ്രില്‍ 23-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുമെന്ന സന്തോഷം പങ്കിടുകയാണ് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. ‘‘കോഡ് ക്രാക്ക് ചെയ്തു. പറയാൻ എനിക്ക് സന്തോഷമുണ്ട്... ‘പേട്രിയറ്റ്’ ഏപ്രിൽ 23 ന് ലോകമെമ്പാടും എത്തുന്നു...അതിശയകരവും മികച്ചതുമായ ഒരു ഫസ്റ്റ് ലുക്ക്, ടീമിനും അതിശയകരമായ ചിത്രത്തിനും എല്ലാ ആശംസകളും...’’ എന്നാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക പോസ്റ്റർ കരണ്‍ ജോഹര്‍ പങ്കിട്ടിരിക്കുന്നത്. പോസ്റ്ററില്‍ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരെയും കാണാം. വന്‍ സ്വീകരണമാണ് ഈ റിലീസ് പോസ്റ്ററിന് ആരാധകര്‍ നല്‍കുന്നത്.
ട്വന്റി-20ക്ക് ശേഷം മലയാളത്തിലെ സൂപ്പർതാരങ്ങള്‍ ഒന്നിക്കുന്ന ഏറ്റവും വലിയ മള്‍ട്ടിസ്റ്റാർ ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ പൃഥ്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ബേസില്‍ ജോസഫ്, ജയസൂര്യ, സണ്ണി വെയ്ൻ, നസ്ലൻ, നസ്രിയ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി നാല്പതോളം താരങ്ങള്‍ ചേർന്നാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്റർ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആറ്റ്ലി, വിജയ് ദേവരകൊണ്ട എന്നിവരും ചിത്രത്തിന്റെ പോസ്റ്ററുകള്‍ പങ്കുവെച്ചിട്ടുണ്ട്.
ഏകദേശം 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി ഒന്നിക്കുന്നത് എന്ന പ്രത്യേകതയാണ് ആരാധകര്‍ക്കുള്ള ആവേശത്തിന്റെ പ്രധാന കാരണം.
മലയാള സിനിമയില്‍ ഇന്നുവരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റില്‍ നിർമ്മിച്ചിരിക്കുന്ന ഈ സ്പൈ ത്രില്ലർ, രാജ്യാന്തര നിലവാരത്തിലുള്ള സാങ്കേതിക മികവോടെയാണ് ഒരുങ്ങുന്നത്. ഇന്ത്യയെ കൂടാതെ ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യു.എ.ഇ എന്നിവിടങ്ങളിലായി ഒരു വർഷത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് സിനിമ പൂർത്തിയായത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ നഗരങ്ങളും പ്രധാന ലൊക്കേഷനുകളായിരുന്നു.
താരസമ്പന്നമായ ഈ ചിത്രത്തില്‍ രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനല്‍ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും പ്രകാശ് ബെലവാടിയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ടേക്ക് ഓഫ്, മാലിക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണൻ തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന പേട്രിയറ്റില്‍ സുഷിൻ ശ്യാം ആണ് സംഗീതം ഒരുക്കുന്നത്. ബോളിവുഡ് ക്യാമറാമാൻ മനുഷ് നന്ദൻ ദൃശ്യങ്ങള്‍ പകർത്തിയ ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫും കെ.ജി അനില്‍കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആക്ഷൻ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ടീസർ ഇതിനോടകം തന്നെ ആരാധകർക്കിടയില്‍ തരംഗമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മമ്മൂട്ടി, മോഹൻലാല്‍ എന്നിവരുടെയും ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരുടെയും പോസ്റ്ററുകള്‍ പുറത്തു വന്നിരുന്നു.