-->
മെല്‍ബണ്‍: യു.എസിന്റെ യുവതാരം ലേണര്‍ ടിയാന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ ഡാനില്‍ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് 20 വയസുകാരനായ ലേണര്‍ ടിയാന്റെ മുന്നേറ്റം. സ്‌കോര്‍: 6-4, 6-0, 6-3.
ടിയാന്റെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം ക്വാര്‍ട്ടര്‍ ഫൈനലാണിത്. ഒരു മണിക്കൂര്‍ 42 മിനിറ്റ് കൊണ്ടാണ് ടിയാന്‍ പ്രീ ക്വാര്‍ട്ടര്‍ ജയിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ മൂക്കില്‍ നിന്നുള്ള രക്‌തസ്രാവമുണ്ടായതിനാല്‍ മെഡിക്കല്‍ ടൈംഔട്ട് എടുത്ത ടിയാന്‍ അസാമാന്യ പ്രകടനമാണു തുടര്‍ന്നു നടത്തിയത്. രണ്ടാം സെറ്റില്‍ മെദ്‌വദേവിനെ ഒരു പോയിന്റ് പോലും നേടാന്‍ അനുവദിക്കാതെ (6-0) താരം നിഷ്‌പ്രഭനാക്കി. 13 വിന്നറുകള്‍ പായിച്ച ടിയാന്‍ ഒരു പിഴവ് മാത്രമാണ് വരുത്തിയത്. കഴിഞ്ഞ വര്‍ഷം അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ മെദ്‌വദേവിനെ അട്ടിമറിച്ച ടിയാന്‍, ഇത്തവണ കൂടുതല്‍ ആധികാരികമായാണ് ജയിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്നാം സീഡ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെ്വരേവിനെയാണ് ടിയാന്‍ നേരിടുക. അലക്‌സാണ്ടര്‍ സെ്വരേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് അര്‍ജന്റീനയുടെ ഫ്രാന്‍സിസ്‌കോ സെറണ്ടോളോയെ തോല്‍പ്പിച്ചു. സ്‌കോര്‍:6-2, 6-4, 6-4.
കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പാണ് സ്വരേവ്. മെല്‍ബണില്‍ സ്വരേവ് ക്വാര്‍ട്ടറിലെത്തുന്നത് അഞ്ചാം തവണയാണ്. സെറണ്ടോളോയ്‌ക്കെതിരെയുള്ള മുന്‍കാല റെക്കോഡുകള്‍ തിരുത്താനും ജര്‍മന്‍ താരത്തിനായി. ഇരുവരും തമ്മിലുള്ള ആദ്യ മൂന്ന് മത്സരങ്ങളിലും സെറണ്ടോളോയ്‌ക്കായിരുന്നു വിജയം. ഈ സീസണില്‍ 5-1 എന്ന മികച്ച റെക്കോഡുമായി മുന്നേറുന്ന സ്വരേവ്, സര്‍വുകളിലും ബാസ്‌ലൈന്‍ ഗെയിമിലും മികവ് തുടരുകയാണ്.
25-ാം ഗ്രാന്‍സ്ലാം കിരീടമെന്ന നേട്ടത്തിലേക്കു കുതിക്കുന്ന സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ചും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. എതിരാളി യാക്കൂബ് മെന്‍സിക് പ്രീ ക്വാര്‍ട്ടര്‍ കളിക്കാതെ പിന്മാറിയതോടെ ജോക്കോ നേരിട്ടു ക്വാര്‍ട്ടറിലെത്തി. ലോക ഒന്നാം നമ്പര്‍ സ്‌പെയിന്റെ കാര്‍ലോസ് അല്‍കാറസും ക്വാര്‍ട്ടറിലെത്തി. ടോമി പോളിനെ തോല്‍പ്പിച്ചാണ് അല്‍കാറസിന്റെ മുന്നേറ്റം. സ്‌കോര്‍: 7-6 (6), 6-4, 7-5.
ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനൗറാണ് അല്‍കാറസിന്റെ അടുത്ത എതിരാളി. വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ ആര്യാന സബാലങ്കയും ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍: 6-1, 7-6 (1). കാനഡയുടെ കൗമാര താരം വിക്‌ടോറിയ എംബോകോയെയാണു സബാലങ്ക മറികടന്നത്. യു.എസിന്റെ കൗമാര താരം ഇവാ ജോവിചാണ് ക്വാര്‍ട്ടറിലെ എതിരാളി. യുക്രൈയിന്റെ എലിന സ്വിറ്റോലിനയും ക്വാര്‍ട്ടര്‍ കടന്നു. മിറാ ആന്‍ഡ്രീവയെയാണ് എലിന തോറ്റത്. സ്‌കോര്‍: 6-2, 6-4.