-->
തിരുവനന്തപുരം: സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ ജമ്മു കശ്‌മീരിനെതിരേ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന കേരളം അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്ണെന്ന നിലയില്‍. കേരളത്തിന് ആകെ 155 റണ്‍ ലീഡുണ്ട്.
കേരളത്തിനായി അഹ്‌മദ് ഇമ്രാന്‍ അര്‍ധ സെഞ്ചുറിയടിച്ചു. ജമ്മു കശ്‌മീരിന്റെ ഒന്നാം ഇന്നിങ്‌സ് 174 റണ്ണിന് അവസാനിച്ചിരുന്നു. രണ്ട് വിക്കറ്റിന് 72 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ജമ്മു കശ്‌മീരിനായി നായകന്‍ ശിവാന്‍ഷ് ശര്‍മ്മയും (45) ഉദയ് പ്രതാപും (38) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 62 റണ്‍ കൂട്ടിച്ചേര്‍ത്തു. കശ്‌മീര്‍ വലിയ ലീഡിലേക്ക് നീങ്ങുന്നുവെന്ന് തോന്നിച്ച ഘട്ടത്തില്‍ കേരള ബൗളര്‍മാര്‍ ആഞ്ഞടിച്ചു.
ശിവാന്‍ഷിനെ ജെ.എസ്. അനുരാജും ഉദയ് പ്രതാപിനെ ഷോണ്‍ റോജറും പുറത്താക്കി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ കശ്‌മീരിന്റെ ഇന്നിങ്‌സ് അവസാനിച്ചു. 42 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് കശ്‌മീരിന് എട്ട് വിക്കറ്റുകള്‍ നഷ്‌ടമായത്. കേരളത്തിനായി ജെ.എസ്. അനുരാജ് നാല് വിക്കറ്റും ഷോണ്‍ റോജര്‍ മൂന്ന് വിക്കറ്റും പവന്‍ രാജ് രണ്ട് വിക്കറ്റുമെടുത്തു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് കൃഷ്‌ണ നാരായണിനെയും (18) രോഹന്‍ നായരെയും (ഒന്ന്) തുടക്കത്തിലേ നഷ്‌ടമായി.
മൂന്നാം വിക്കറ്റില്‍ വരുണ്‍ നായനാരും (41) അഹ്‌മദ് ഇമ്രാനും ചേര്‍ന്ന് 68 റണ്‍ കൂട്ടിച്ചേര്‍ത്തു. വരുണ്‍ നായനാര്‍ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ഷോണ്‍ റോജര്‍ പത്ത് റണ്ണുമായി മടങ്ങിയപ്പോള്‍ നായകന്‍ അഭിജിത് പ്രവീണ്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.