Thursday, March 12, 2026 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.39 PM

രണ്ടടിച്ച്‌ എംബാപ്പെ

മാഡ്രിഡ്‌: വിയാ റയാലിനെതിരേ നടന്ന ലാ ലിഗ ഫുട്‌ബോള്‍ മത്സരത്തില്‍ റയാല്‍ മാഡ്രിഡിനു തകര്‍പ്പന്‍ ജയം. വിയാ റയാലിന്റെ തട്ടകമായ ഡാ ലാ സെറാമിക സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-0 ത്തിനാണു റയാല്‍ ജയിച്ചത്‌. ഫ്രഞ്ച്‌ താരം കിലിയന്‍ എംബാപ്പെയാണു രണ്ട്‌ ഗോളുകളുമടിച്ചത്‌്.
21 കളികളില്‍നിന്ന്‌ 51 പോയിന്റ്‌ നേടിയ റയാല്‍ ഒന്നാം സ്‌ഥാനത്തു തിരിച്ചെത്തി. പുതിയ കോച്ച്‌ ആല്‍വാരോ അര്‍ബെലോയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്നതാണു ജയം. എംബാപ്പെയുടെ ലാ ലീഗ സീസണിലെ 21-ാം ഗോളാണിത്‌. ആല്‍വാരോ അര്‍ബെലോയുടെ ശിഷ്യന്‍മാര്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലാണു ജയിക്കുന്നത്‌. കോച്ചായെത്തിയ ശേഷം നടന്ന കോപാ ഡെല്‍ റേ മത്സരത്തില്‍ രണ്ടാംനിര ക്ലബ്‌ അല്‍ബാസെറ്റെയോടു തോറ്റിരുന്നു.
വിയാ റയാല്‍ സ്വന്തം തട്ടകത്തില്‍ മികച്ച പോരാട്ടം പുറത്തെടുത്തു. ഒന്നാം പകുതിയില്‍ വിനീഷ്യസ്‌ ജൂനിയറിനെയും എംബാപ്പെയും പൂട്ടാന്‍ അവര്‍ക്കായി. 47-ാം മിനിറ്റില്‍ പ്രതിരോധം അലസമായ തക്കത്തിന്‌ എംബാപ്പെ ഗോളടിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ്‌ അടുത്ത ഗോള്‍ വീണത്‌. വിയാ ബോക്‌സില്‍ എംബാപ്പെയെ പെഡ്രാസ വീഴ്‌ത്തിയതിന്‌ റയാലിന്‌ അനുകൂലമായി പെനാല്‍റ്റി. എംബാപ്പെയുടെ പനേങ്ക കിക്ക്‌ വിയാ ഗോള്‍ കീപ്പര്‍ ലൂയിസ്‌ ജൂനിയറിനെ മറികടന്നു. ഗോള്‍ വേട്ടയില്‍ എംബാപ്പെ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയെ മറികടന്നു. 27 വയസുകാരനായ എംബാപ്പെ ഇതുവരെ 415 ഗോളുകളടിച്ചു. റൊണാള്‍ഡോ കരിയറിയലാകെ 414 ഗോളുകളാണ്‌ അടിച്ചിട്ടത്‌. പനേങ്ക പെനാല്‍റ്റി സഹ താരം ബ്രാഹിം ഡിയാസിനു സമര്‍പ്പിക്കുന്നതായി എംബാപ്പെ മത്സരത്തിനു ശേഷം പറഞ്ഞു. മൊറോക്കോ താരമായ ബ്രാഹിം ഡിയാസ്‌ സെനഗലിനെതിരേ നടന്ന ആഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ ഫൈനലില്‍ പനേങ്ക കിക്ക്‌ പാഴാക്കിയിരുന്നു.

Ads by Google
Sunday 25 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW