Saturday, March 14, 2026 Last Updated 17 Min 44 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 25 Jan 2026 11.38 PM

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള: പൂജക​ളെക്കുറിച്ചുള്ള വിശദീകരണത്തില്‍ ആശയക്കുഴപ്പം, ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത് മറ്റൊന്ന്, വീണ്ടും ജയറാമിന്റെ മൊഴിയെടുക്കും

സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സിലെ പൂജയ്‌ക്കുശേഷം സ്വര്‍ണപ്പാളികള്‍ വീട്ടിലേക്കു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുവെന്നാണു ജയറാം വ്യക്‌തമാക്കിയത്‌. എന്നാല്‍, ജയറാം പങ്കെടുക്കുമ്പോള്‍ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സില്‍ ഉണ്ടായിരുന്നത്‌ ശബരിമലയിലെ കട്ടിളപ്പാളിയാണ്‌
sabarimala

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ടു നടന്‍ ജയറാമിന്റെ വിശദീകരണത്തില്‍ ആശയക്കുഴപ്പം. ഇതേതുടര്‍ന്ന്‌ എസ്‌.ഐ.ടി. വീണ്ടും ജയറാമില്‍നിന്നു മൊഴിയെടുക്കും.
സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സിലെത്തി നടന്‍ ജയറാം നടത്തിയ പൂജ കട്ടിളപ്പാളിയുടേതാണ്‌. എന്നാല്‍, ജയറാമിന്റെ വീട്ടില്‍ നടന്ന പൂജ ദ്വാരപാലക പാളികളുടേതാണ്‌. വ്യത്യസ്‌ത മാസങ്ങളിലാണു രണ്ടുപൂജകളും നടന്നത്‌. എന്നാല്‍, എല്ലാം നടന്നത്‌ ഒറ്റ ദിവസമായിരുന്നുവെന്നാണു ജയറാം നേരത്തേ വിശദീകരിച്ചത്‌.
സ്വര്‍ണ്ണവാതില്‍, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലകപാളികള്‍ എന്നിവയുമായി ബന്ധപ്പെട്ട്‌ സ്വര്‍ണ്ണക്കൊള്ള നടന്നുവെന്നാണ്‌ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2019-ലാണ്‌ ഇതൊക്കെ സംഭവിക്കുന്നത്‌. 2019 മാര്‍ച്ച്‌ മാസത്തിലാണു പുതിയ വാതില്‍ സമര്‍പ്പിക്കുന്നത്‌. ജൂണ്‍ മാസത്തില്‍ കട്ടിളപ്പാളി നിര്‍മിക്കുന്നു. സെപ്‌റ്റംബറില്‍ ദ്വാരപാലകപാളികള്‍ സമര്‍പ്പിക്കുന്നു. ഇതേ സമയത്ത്‌ നടന്‍ ജയറാമിന്റെ വീട്ടില്‍ സ്വര്‍ണ്ണപ്പാളികള്‍ എത്തിച്ചു പൂജിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സില്‍ നടക്കുന്ന പൂജയിലും ജയറാം പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണു സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സിലെ പൂജയില്‍ പങ്കെടുത്തതെന്നാണു ജയറാമിന്റെ വിശദീകരണം. പിന്നീട്‌ ശബരിമലയിലേക്കു കൊണ്ടുപോകുംവഴി വീട്ടിലെത്തിച്ചു പൂജ നടത്തിയെന്നുമാണു ജയറാം പറഞ്ഞത്‌. കൃത്യമായി ഏതുസമയത്താണെന്ന്‌ ഓര്‍ക്കുന്നില്ലെന്നും രണ്ടു ദിവസങ്ങളിലായാണു പൂജ നടന്നതെന്നുമാണു ജയറാം പറയുന്നത്‌. എന്നാല്‍, ജയറാം പറഞ്ഞതില്‍ പൊരുത്തക്കേടുണ്ടെന്നാണു വിവരം. രണ്ടുമാസങ്ങളിലായി രണ്ടുതവണ ജയറാം ഉണ്ണികൃഷ്‌ണന്‍ പോറ്റിയെ ബന്ധപ്പെട്ട്‌ ശബരിമലയിലെ സ്വര്‍ണപാളികളുമായി ബന്ധപ്പെട്ട പൂജയില്‍ പങ്കെടുത്തുവെന്നാണു വ്യക്‌തമാകുന്നത്‌.
സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സിലെ പൂജയ്‌ക്കുശേഷം സ്വര്‍ണപ്പാളികള്‍ വീട്ടിലേക്കു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുവെന്നാണു ജയറാം വ്യക്‌തമാക്കിയത്‌. എന്നാല്‍, ജയറാം പങ്കെടുക്കുമ്പോള്‍ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സില്‍ ഉണ്ടായിരുന്നത്‌ ശബരിമലയിലെ കട്ടിളപ്പാളിയാണ്‌. 2019 ജൂണ്‍ മാസത്തിലാണു സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സ്‌ ഫാക്‌ടറിയില്‍ പൂജ നടന്നത്‌. ഈ സമയത്ത്‌ ദ്വാരപാലക പാളികള്‍ ശബരിമലയില്‍നിന്ന്‌ എടുത്തിരുന്നില്ല. ജയറാമിന്റെ വീട്ടില്‍ കട്ടിളപ്പാളി എത്തിച്ചു പൂജ നടത്തിയ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ദ്വാരപാലകപാളികള്‍ ജയറാമിന്റെ വീട്ടില്‍വച്ചു പൂജിക്കുന്ന ചിത്രങ്ങളാണ്‌ പുറത്തുവന്നത്‌. സെപ്‌റ്റംബറിലാണു ദ്വാരപാലക പാളികള്‍ ജയറാമിന്റെ വീട്ടില്‍ പൂജിച്ചത്‌.
നടന്‍ ജയറാമിന്റെ വീട്ടില്‍ സ്വര്‍ണ്ണപ്പാളി കൊണ്ടുപോയിട്ടില്ലെന്നാണ്‌ ഉണ്ണികൃഷ്‌ണന്‍ പോറ്റി പറഞ്ഞത്‌. ജയറാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. പാളികള്‍ ചീത്തയാകാതിരിക്കാന്‍ പലകയില്‍ അടിച്ചാണു കൊണ്ടുവന്നത്‌. ജയറാമിന്റെ വീട്ടില്‍വച്ചാണു പലകയില്‍ അടിച്ചതെന്നായിരുന്നു ഉണ്ണികൃഷ്‌ണന്‍ പോറ്റി തുടക്കത്തില്‍ പറഞ്ഞത്‌.

Ads by Google
Ads by Google
TRENDING NOW