-->
ഭുവനേശ്വര്‍: റിപ്പബ്ലിക് ദിനത്തില്‍ മാംസാഹാരം പാടില്ലെന്നു കാട്ടി ഒഡിഷയിലെ കൊറാപുട്ട് ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ചു. 9,000 ചതുരശ്ര കിലോമീറ്ററില്‍ താഴെ വിസ്‌തൃതിയുള്ള കൊറാപുട്ട് ജില്ലയില്‍ ഭൂരിഭാഗവും ഗോത്രവര്‍ഗക്കാരാണ് താമസിക്കുന്നത്. നിരോധനം ഏതെങ്കിലും മതപരമായ കാരണങ്ങളാലായിരുന്നില്ല.
തഹസില്‍ദാര്‍മാര്‍, ബേ്ലാക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് മനോജ് സത്യവാന്‍ മഹാജന്‍ അവരുടെ അധികാരപരിധിയില്‍ മാംസഭക്ഷണ നിരോധനം നടപ്പാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
മാംസം, കോഴിയിറച്ചി, മത്സ്യം, മുട്ട, മറ്റ് നോണ്‍വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില്‍പ്പന നിരോധിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ഒഡീഷയിലെ മൂന്ന് ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് സസ്യാഹാരം പിന്തുടരുന്നത് എന്നാണ്. ആ സാഹചര്യത്തില്‍ വ്യാപക എതിര്‍പ്പ് ഉയരുകയായിരുന്നു.
തുടര്‍ന്ന് നിരോധന ഉത്തരവ് ഇന്നലെ പിന്‍വലിച്ചു. ആളുകള്‍ എന്തു കഴിക്കണം, എന്തു കഴിക്കരുത് എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരല്ലെന്ന് കൊറാപുട്ടിലെ പൊട്ടംഗിയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ റാംചന്ദ്ര കദം പ്രതികരിച്ചു.
'കൊറാപുട്ട് ജില്ല ആദിവാസി ഭൂരിപക്ഷ പ്രദേശമാണ്. ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്‌ടമുള്ളത് കഴിക്കാനും കഴിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാരിനോ കലക്‌ടര്‍ക്കോ അത് തീരുമാനിക്കാന്‍ കഴിയില്ല. കലക്‌ടര്‍ നിരോധനം പുറപ്പെടുവിക്കേണ്ടിയിരുന്നില്ല'- അദ്ദേഹം പറഞ്ഞു.