-->
പട്‌ന: രാഷ്‌ട്രീയ ജനതാദള്‍(ആര്‍.ജെ.ഡി) നേതൃത്വത്തില്‍ തലമുറമാറ്റം. പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തേജസ്വി യാദവിനെ നിയമിച്ചു.
പട്‌നയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ ഉദ്‌ഘാടന സെഷനിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നിയമനക്കത്ത് തേജസ്വിക്കു കൈമാറി. ഇതാദ്യമായാണ് ആര്‍.ജെ.ഡിക്ക് ദേശീയ വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കുന്നത്. 'ഒരു പുതിയ യുഗത്തിന്റെ ഉദയം! തേജസ്വി യാദവിനെ രാഷ്‌ട്രീയ ജനതാദളിന്റെ ദേശീയ എക്‌സിക്യൂട്ടീവ് അധ്യക്ഷനായി നിയമിച്ചു'- ആര്‍.ജെ.ഡിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ പോസ്‌റ്റ് ചെയ്‌തു. ലാലുപ്രസാദിന്റെ കുടുംബത്തില്‍ അസ്വാരസ്യം മറനീക്കിയതിനു പിന്നാലെയാണ് തേജസ്വിയുടെ നിയമനമെന്നത് ശ്രദ്ധേയമാണ്. ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനു മുമ്പ് തേജസ്വിയുടെ സഹോദരി രോഹിണി ആചാര്യ പാര്‍ട്ടി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സഹോദരന്‍ തേജ് പ്രതാപ് യാദവും കുടുംബവുമായി അകല്‍ച്ചയിലാണ്.