-->
ന്യൂഡല്‍ഹി/ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ (ഇ.യു) നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ ഇന്ത്യ 40 ശതമാനമാക്കിയേക്കും. നിലവില്‍ 110 ശതമാനമാണു തീരുവ. ഇരുപക്ഷവും സ്വതന്ത്ര വ്യാപാര കരാറിലേക്ക് അടുക്കുന്നതിനിടയിലാണ് ഈ നീക്കം. കരാര്‍ നാളെ പ്രഖ്യാപിച്ചേക്കും. 27 രാജ്യങ്ങളാണ് ഇ.യുവിലുള്ളത്.
16 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്കാകും വില കുറയുക. തീരുവ കാലക്രമേണ 10% ആയി വീണ്ടും കുറയ്‌ക്കും. അത് വോക്‌സ്‌വാഗണ്‍, മെഴ്‌സിഡസ്‌ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ യൂറോപ്യന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കും. ചര്‍ച്ചകള്‍ രഹസ്യ സ്വഭാവമുള്ളതും അവസാന നിമിഷം മാറ്റങ്ങള്‍ക്ക് വിധേയമായേക്കാവുന്നതുമാണു സ്രോതസുകള്‍ പേര്‍ വെളിപ്പെടത്തി. ഈ കരാര്‍ ഇരുപക്ഷത്തെയും വ്യാപാരം വര്‍ധിപ്പിക്കാനും, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ഓഗസ്‌റ്റ് അവസാനം മുതല്‍ അമേരിക്കന്‍ തീരുവ 50% ആയതിനാല്‍ ഇവയുടെ കയറ്റുമതിയെ കാര്യമായി ബാധിച്ചിരുന്നു. വോക്‌സ്‌വാഗണ്‍, റെനോ , സ്‌റ്റെല്ലാന്റിസ് തുടങ്ങിയ യൂറോപ്യന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ക്കും, മെഴ്‌സിഡസ്‌ബെന്‍സ് , ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ക്കും പുതിയ കരാര്‍ ഗുണം ചെയ്യും. ഈ കമ്പനികള്‍ ഇന്ത്യയില്‍ പ്രാദേശികമായി കാറുകള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും, ഉയര്‍ന്ന തീരുവ കാരണം വിപണിയില്‍ ആധിപത്യം നേടാനായിട്ടില്ല. നിലവില്‍ പ്രതിവര്‍ഷം 44 ലക്ഷം യൂണിറ്റുള്ള ഇന്ത്യന്‍ കാര്‍ വിപണിയില്‍ യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് 4% ല്‍ താഴെ വിഹിതമേയുള്ളൂ. ഈ വിപണിയില്‍ ജപ്പാനിലെ സുസുക്കി മോട്ടോര്‍സാണ് പ്രധാനമായും മുന്നിട്ടുനില്‍ക്കുന്നത്. കൂടാതെ മഹീന്ദ്ര, ടാറ്റ തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍ഡുകളും ആധിപത്യം പുലര്‍ത്തുന്നു. ഇന്ത്യന്‍ വിപണി 2030ല്‍ പ്രതിവര്‍ഷം 60 ലക്ഷം യൂണിറ്റായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ ചില കമ്പനികള്‍ ഇതിനകം പുതിയ നിക്ഷേപങ്ങള്‍ക്കായി ഒരുങ്ങുന്നുണ്ട്. യൂറോപ്പില്‍ ചൈനീസ് കാര്‍ നിര്‍മ്മാതാക്കളുടെ വര്‍ധിച്ചുവരുന്ന സ്വാധീനം നേരിടുന്ന റെനോ പുതിയ തന്ത്രങ്ങളുമായി ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്നുണ്ട്. വോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് അവരുടെ സ്‌കോഡ ബ്രാന്‍ഡിലൂടെ ഇന്ത്യയിലെ അടുത്ത ഘട്ട നിക്ഷേപത്തിന് ഒരുങ്ങുകയാണ്.