-->
മുംബൈ: മുംബൈയിലെ തിരക്കേറിയ മലാഡ് റെയില്‍വേ സ്‌റ്റേഷനില്‍ കോളജ് പ്രഫസര്‍ കുത്തേറ്റു മരിച്ചു. പാര്‍ലെയിലെ പ്രമുഖ കോളജിലെ അധ്യാപകനായ അലോക് സിങ്ങാണു കൊല്ലപ്പെട്ടത്. കേസില്‍ ഓംകാര്‍ ഷിന്‍ഡെ(27)യെ റെയില്‍വേ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ശനിയാഴ്‌ചയുണ്ടായ ചെറിയ വാക്കുതര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് അറിയിച്ചു. അലോക് സിങ്ങും പ്രതിയായ ഷിന്‍ഡെയും ഒരേ ലോക്കല്‍ ട്രെയിനിലായിരുന്നു യാത്ര ചെയ്‌തത്. ട്രെയിന്‍ മലാഡിലെത്തിയപ്പോള്‍ തിരക്കേറിയ കമ്പാര്‍ട്ട്‌മെന്റ് ഗേറ്റുകളിലൂടെ കയറുന്നതിലെയും ഇറങ്ങുന്നതിലെയും തര്‍ക്കം ഉണ്ടായി. ഇത് മുംബൈയില്‍ ദിനംപ്രതി സംഭവിക്കുന്ന ഒന്നാണ്. പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയയുടന്‍ ഷിന്‍ഡെ കൈയിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ കത്തി എടുത്ത് സിങ്ങിന്റെ വയറ്റില്‍ പലതവണ കുത്തുകയായിരുന്നു.
അലോക് സിങ് നിലത്തു വീണപ്പോള്‍ അക്രമി സ്‌റ്റേഷനിലെ തിരക്കിലേക്ക് അപ്രത്യക്ഷനായി. സംഭവത്തിനു പിന്നാലെ പോലീസ് സി.സി.ടിവി ക്യാമറകള്‍ പരിശോധിച്ചു. ഫുട്ട് ഓവര്‍ ബ്രിഡ്‌ജ് വഴി ഓടി രക്ഷപ്പെടുന്ന വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ചയാള്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നു വസായില്‍നിന്ന് അയാളെ പിടികൂടുകയായിരുന്നു.