-->
ന്യൂഡല്‍ഹി: ദേശീയഗീതമായ വന്ദേമാതരത്തിന് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
ദേശീയഗാനമായ 'ജനഗണമന'യുടെ അതേ നിയമ പ്രോട്ടോക്കോളുകള്‍ വന്ദേമാതരത്തിനും ഏര്‍പ്പെടുത്താനാണു നീക്കം. ദേശീയഗാനം ആലപിക്കുമ്പോള്‍ നിര്‍ബന്ധമായും എഴുന്നേറ്റു നില്‍ക്കണം, അനാദരവ് കാണിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ എന്നിവ ഉള്‍പ്പെടുത്തുന്നതായിരിക്കും പ്രോട്ടോക്കോള്‍.
വന്ദേമാതരത്തിന് ജനഗണമനയ്‌ക്കു സമാനമായ പദവിയും പ്രോട്ടോക്കോളും നല്‍കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നതതലയോഗം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. വന്ദേമാതരം ആലപിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍, ദേശീയഗാനത്തിനൊപ്പം വന്ദേമാതരവും ആലപിക്കണോ, അനാദരവ് കാണിക്കുന്ന പ്രവൃത്തികള്‍ക്ക് ശിക്ഷ നല്‍കണമോ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തു. ദേശീയഗീതത്തില്‍നിന്ന് വ്യത്യസ്‌തമായി ദേശീയഗാനത്തിന് വ്യക്‌തമായ ഭരണഘടനാപരവും നിയമപരമായതുമായ സംരക്ഷണമുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51എ(എ) പ്രകാരം ദേശീയഗാനത്തെ ബഹുമാനിക്കേണ്ടത് പൗരന്മാരുടെ മൗലിക കടമയാണ്.