-->
ദീബ്രുഗഡ്/ സിലാപാതര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍സിലെ രണ്ടാം മത്സരത്തില്‍ റെയില്‍വേസിനെതിരേ കേരളം 1-1 നു സമനില വഴങ്ങി.
മലയാളി താരം പി. കെ ഫസീനാണു സമനില ഗോളടിച്ചത്. റെയില്‍വേസ് താരം സോയിഭം അഭിനാഷ് സിങ്ങിന്റെ സെല്‍ഫ് ഗോള്‍ കേരളത്തെ മുന്നിലെത്തിച്ചിരുന്നു. രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തിന്റെ തുടക്കം മുതല്‍ രണ്ട് ടീമുകളും പന്തില്‍ ആധിപത്യം നേടാനാണു ശ്രമിച്ചത്. 37-ാം മിന്നില്‍ മുന്നേറ്റം തടയാന്‍ ശ്രമിച്ച റെയില്‍വേസ് പ്രതിരോധ താരം സോയിഭം അഭിനാഷ് സിങ്ങിന് പിഴച്ചു. സ്വന്തം വലയില്‍ ഒരു സെല്‍ഫ് ഗോള്‍. രണ്ടാം പകുതിയില്‍ റെയില്‍വേസിനായി മലയാളി താരം അബ്‌ദു റഹീം പകരക്കാരനായി കളത്തിലിറങ്ങി. 72-ാം മിനിറ്റില്‍ കേരളത്തിന്റെ പ്രതിരോധ താരം സന്ദീപ് പരുക്കേറ്റ് പുറത്തു പോയി. റെയില്‍വേസിന് സമനില ഗോളിന് അവസരം കിട്ടിയത് 80-ാം മിനിറ്റില്‍. പ്രഭിക് ഗിസിങ് എടുത്ത കോര്‍ണര്‍ കിക്കിനെ ഫസീന്‍ ഹെഡറിലൂടെ വലയിലാക്കി. മൂന്നു തവണ ജേതാക്കളായ എതിരാളികള്‍ക്കെതിരെ കേരളം വിയര്‍ത്തു. തുടര്‍ച്ചയായി ആക്രമണം അഴിച്ച് വിട്ടെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ടാംപകുതി ഉജ്വല പ്രകടനവുമായി റെയില്‍വേസ് തിരിച്ചുവന്നു. ആദ്യ മത്സരത്തില്‍ കേരളം പഞ്ചാബിനെ 3-1 ന് തോല്‍പ്പിച്ചിരുന്നു. ഗ്രുപ്പ് ബിയില്‍ 26 ന് ഒഡിഷയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇന്നലെ പഞ്ചാബും മേഘാലയയും തമ്മില്‍ നടന്ന മത്സരം 3-3 നും സര്‍വീസസും ഒഡീഷയും തമ്മില്‍ നടന്ന മത്സരം ഗോള്‍രഹിതമായും സമനിലയില്‍ അവസാനിച്ചു.