-->
മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ സ്‌പെയിന്റെ കാര്‍ലോസ് അല്‍കാറസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമിന്റെ പ്രീ ക്വാര്‍ട്ടറിലെത്തി. ഫ്രാന്‍സിന്റെ കോറെന്റിന്‍ മൗറ്റെറ്റിനെയാണ് അല്‍കാറസ് മൂന്നാം റൗണ്ടില്‍ തോല്‍പ്പിച്ചത്‌്. സ്‌കോര്‍: 6-2, 6-4, 6-1.
റോഡ് ലേവര്‍ അരീനയില്‍ നടന്ന മത്സരം രണ്ട് മണിക്കൂര്‍ അഞ്ച് മിനിറ്റ് നീണ്ടു.
സ്‌പാനിഷ് താരത്തിന്റെ നൂറാം ഗ്രാന്‍സ്ലാം മത്സരം കൂടിയായിരുന്നു അത്. ഗ്രാന്‍സ്ലാമില്‍ താരം 87 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 13 ല്‍ തോല്‍വിയറിഞ്ഞു. ഇതിഹാസ താരം ബ്യോണ്‍ ബോര്‍ഗിന്റെ കരിയറിന്റെ തുടക്കവും സമാനമായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ യു.എസിന്റെ ടോമി പോളാണ് അല്‍കാറസിന്റെ അടുത്ത എതിരാളി. 19-ാം സീഡായ ടോമി സ്‌പെയിന്റെ അലഹാന്‍ഡ്രോ ഡേവിഡോവിച് ഫോകിന മൂന്നാം റൗണ്ട് മത്സരിക്കാതെ പിന്മാറിയതോടെ നേരിട്ടു പ്രീ ക്വാര്‍ട്ടറിലെത്തി. മൂന്നുവട്ടം ഫൈനലിസ്‌റ്റായ ഡാനില്‍ മെദ്‌വദേവും പ്രീ ക്വാര്‍ട്ടറിലെത്തി. ഹംഗറിയുടെ സീഡില്ലാ താരം ഫാബിയന്‍ മാറോസ്സാനെയാണ് മെദ്‌വദേവ് കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-7 (5/7), 4-6, 7-5, 6-0, 6-3. മത്സരം മൂന്ന് മണിക്കൂര്‍ 43 മിനിറ്റ് നീണ്ടു.
യു.എസിന്റെ ലേണര്‍ ടിയാനാണ് അടുത്ത എതിരാളി. പോര്‍ചുഗലിന്റെ നൂനോ ബോര്‍ഗസിനെയാണു ടിയാന്‍ തോല്‍പ്പിച്ചത്. ജര്‍മനിയുടെ ടോപ് സീഡ് അലക്‌സാണ്ടര്‍ സ്വരേവ് ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ തോല്‍പ്പിച്ചു മുന്നേറ്റം തുടര്‍ന്നു. സ്‌കോര്‍: 7-5, 4-6, 6-3, 6-1. ഇന്നു നടക്കുന്ന മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നോവാക് ജോക്കോവിച്ച് ഹോളണ്ടിന്റെ ബി വാന്‍ ഡി സാന്‍സ്‌കപിനെ നേരിടും. ജയിച്ചാല്‍ ഗ്രാന്‍സ്ലാമില്‍ 400 ജയങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടം കുറിക്കാന്‍ ജോക്കോയ്‌ക്കാകും. വനിതകളില്‍ ലോക ഒന്നാം നമ്പര്‍ ബെലാറസിന്റെ ആര്യാന സബാലങ്ക റഷ്യയുടെ അനസ്‌താസിയ പോട്ടാപോവയെ തോല്‍പ്പിച്ചു മുന്നേറി. മൂന്നാം റൗണ്ട് മത്സരം രണ്ട് മണിക്കൂര്‍ കൊണ്ടാണ് അവസാനിച്ചത്. സ്‌കോര്‍: 7-6 (7/4), 7-6 (9/7). കാനഡയുടെ കൗമാര താരം വിക്‌ടോറിയ എംബോകോയാണ് പ്രീ ക്വാര്‍ട്ടറിലെ എതിരാളി. ഡെന്‍മാര്‍ക്കിന്റെ ക്ലാര ടൗസണിനെയാണ് എംബോകോ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-6 (7/5), 5-7, 6-3. മൂന്നാം സീഡ് യു.എസിന്റെ കോകോ ഗൗഫും പ്രീ ക്വാര്‍ട്ടറിലെത്തി. സഹ നാട്ടുകാരിയായ ഹെയ്‌ലി ബാപ്‌റ്റിസ്‌റ്റിനെയാണു ഗൗഫ് തോല്‍പ്പിച്ചത്. സ്‌കോര്‍: 3-6, 6-0, 6-3. ഇറ്റലിയുടെ ജാസ്‌മിന്‍ പൗലോനിയെ യു.എസിന്റെ 18 വയസുകാരി ഇവാ ജോവിച് അട്ടിമറിച്ചു. സ്‌കോര്‍: 6-2, 7-6 (3).