Saturday, March 14, 2026 Last Updated 48 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.36 PM

ജയം തുടര്‍ന്ന്‌ ബംഗാള്‍

uploads/news/2026/01/822308/sp3.jpg

ദീബ്രുഗഡ്‌/ സിലാപാതര്‍/ ധാകുഖാന: സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍സില്‍ ജയം തുടര്‍ന്ന്‌ നിലവിലെ ചാമ്പ്യനായ പശ്‌ചിമ ബംഗാള്‍. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ ഉത്തരാഖണ്ഡിനെ 1-0 ത്തിനു തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ആതിഥേയരായ അസം നാഗാലന്‍ഡിനോട്‌ 3-3 നു സമനില വഴങ്ങി. രാജസ്‌ഥാനും ജയം തുടര്‍ന്നു. സിലാപാതറില്‍ നടന്ന മത്സരത്തില്‍ രാജസ്‌ഥാന്‍ 1-0 ത്തിനു തമിഴ്‌നാടിനെ തോല്‍പ്പിച്ചു.
എ ഗ്രൂപ്പില്‍ ബംഗാളും രാജസ്‌ഥാനും ആറ്‌ പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്‌. ഗോള്‍ ശരാശരിയിലെ മുന്‍തൂക്കം ബംഗാളിനെ മുന്നിലെത്തിച്ചു. രണ്ട്‌ കളികളില്‍നിന്നു മൂന്ന്‌ പോയിന്റുള്ള തമിഴ്‌നാടാണ്‌ മൂന്നാമത്‌. അസമിനും നാഗാലന്‍ഡിനും ഒരു പോയിന്റ്‌ വീതമാണ്‌. ഉത്തരാഖണ്ഡിന്‌ അക്കൗണ്ട്‌ തുറക്കാനായില്ല.
ധാകുഖാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം തീരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ ഗോളടിച്ച്‌ നാരോ ഹരി ശ്രേഷ്‌ഠയാണ്‌ ബംഗാളിനെ ജയിപ്പിച്ചത്‌. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍. 97 മിനിറ്റ വരെ ബംഗാളിനെ ഗോളടിപ്പിക്കാതിരിക്കാന്‍ ഉത്തരാഖണ്ഡിനായി. ഗോള്‍ കീപ്പര്‍ ചാകു മണ്ടിയുടെ പ്രകടനവും നിര്‍ണായകമായി. തമിഴ്‌നാടിനെതിരേ 78-ാം മിനിറ്റില്‍ മുഹമ്മദ്‌ അഡ്‌നാന്‍ ഗോളടിച്ചതോടെയാണു രാജസ്‌ഥാന്‍ ജയമറിഞ്ഞത്‌. നാഗാലന്‍ഡിനെതിരേ അസമിനായി ദിവും ഹാസോവരി, അക്‌റാങ്‌ നര്‍സാറി, തിമോതി നര്‍സാറി എന്നിവര്‍ ഗോളടിച്ചു. നാഗാലന്‍ഡിനായി ലെയ്‌വാങ്‌ ബോഹ്‌മാന്‍, അയ്‌മോങ, അതോ ചോഫി എന്നിവരും ഗോളടിച്ചു.
ഇന്നു നടക്കുന്ന മത്സരത്തില്‍ കേരളം റെയില്‍വേസിനെ നേരിടും. ആദ്യ മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെ 3-1 നു തകര്‍ത്തുവിട്ട കരുത്തിലാണ്‌ കേരളം. രാവിലെ ഒന്‍പത്‌ മുതലാണു മത്സരം. ഏഴ്‌ തവണ ചാമ്പ്യന്മാരായ കേരളം കിരീടം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ്‌. അസമിലെ തണുത്ത കാലാവസ്‌ഥയുമായി പൊരുത്തപ്പെടാന്‍ വയനാട്ടില്‍ പ്രത്യേക പരിശീലനം നടത്തിയിരുന്നു. സര്‍വീസസ്‌, ഒഡീഷ, മേഘാലയ എന്നിവരാണ്‌ ബി ഗ്രൂപ്പില്‍ കേരളത്തിന്റെ അടുത്ത എതിരാളികള്‍. സൂപ്പര്‍ ലീഗ്‌ കേരളയില്‍ മികവ്‌ കാണിച്ച 21 താരങ്ങളുമായാണ്‌ കേരളം അസമിലെത്തിയത്‌.

Ads by Google
Friday 23 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW