-->
മൂന്നാര്‍: മൂന്നാര്‍ വനമേഖലയിലെ ജനപ്രിയനായ കാട്ടാന പടയപ്പ, തന്റെ ഗാംഭീര്യമാര്‍ന്ന രൂപത്താല്‍ വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ തരംഗമാകുന്നു. നീളമേറിയ, മനോഹരമായ കൊമ്പുകളുള്ള പടയപ്പ പൊതുവെ ശാന്തസ്വഭാവക്കാരനാണ്. മൂന്നാറിലെ തേയിലത്തോട്ടങ്ങളിലും ജനവാസ മേഖലകളിലും പടയപ്പ പതിവായി എത്താറുണ്ട്.
വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ ഈ ആന ഏറെ പ്രിയപ്പെട്ടതാണ്. നിലവില്‍ പടയപ്പയ്‌ക്ക് മദപ്പാടിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മൂന്നാര്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ആനയെ നിരീക്ഷിച്ചു വരികയാണ്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി വനംവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജയന്‍ ജെ., പടയപ്പയുടെ മനോഹരമായ ചിത്രം പകര്‍ത്തിയത്.
സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന കൊമ്പുകളുമായി മലഞ്ചെരിവില്‍ ഗാംഭീര്യത്തോടെ നില്‍ക്കുന്ന പടയപ്പയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. മദപ്പാടുള്ള സമയമായതിനാല്‍ ആന കൂടുതല്‍ അക്രമാസക്‌തനാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ആനയെ നേരിട്ട് കാണാന്‍ ശ്രമിക്കുന്നതോ ശല്യപ്പെടുത്തുന്നതോ ഒഴിവാക്കണമെന്നും വനംവകുപ്പ് അറിയിച്ചു.