-->
ബംഗളുരു: കര്‍ണാടകയില്‍ ബൈക്ക് ടാക്‌സികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം റദ്ദാക്കി ഹൈക്കോടതി. പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിനു നിര്‍ദേശം. നിരോധനം സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്‌റ്റിസ് വിഭു ബഖ്രു, ജസ്‌റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്.
ബൈക്ക് ടാക്‌സി സംഘങ്ങള്‍, വ്യക്‌തിഗത ബൈക്ക് ടാക്‌സി ഉടമകള്‍ തുടങ്ങിയവരുടെ അപ്പീലുകള്‍ അനുവദിച്ചാണ് ഹൈക്കോടതി നടപടി. മോട്ടോര്‍ സൈക്കിളുകള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്‌റ്റര്‍ ചെയ്യാനും കോണ്‍ട്രാക്‌ട് കാര്യേജ് പെര്‍മിറ്റുകള്‍ നല്‍കാനും ഡിവിഷന്‍ ബെഞ്ച് സംസ്‌ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടു. വാഹന രജിസ്‌ട്രേഷന്റെയും പെര്‍മിറ്റ് നല്‍കുന്നതിന്റെയും പ്രസക്‌തമായ വശങ്ങള്‍ പരിശോധിക്കാന്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, മോട്ടോര്‍ സൈക്കിളുകള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായോ കോണ്‍ട്രാക്‌ട് കാര്യേജ് വാഹനങ്ങളായോ സര്‍വീസ് നടത്താനാകില്ലെന്നതിന്റെ പേരില്‍ രജിസ്‌ട്രേഷനും പെര്‍മിറ്റും നിഷേധിക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്കു കഴിയില്ല. പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ നിയമം അനുശാസിക്കുന്ന വ്യവസ്‌ഥകള്‍ ഏര്‍പ്പെടുത്താന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് അധികാരമുണ്ടെന്നും ബെഞ്ച് വ്യക്‌തമാക്കി. യൂബര്‍ ഇന്ത്യ സിസ്‌റ്റംസ് ൈപ്രവറ്റ് ലിമിറ്റഡ്, റോപ്പന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസസ് ൈപ്രവറ്റ് ലിമിറ്റഡ്, എ.എന്‍.ഐ. ടെക്‌നോളജി ൈപ്രവറ്റ് ലിമിറ്റഡ് തുടങ്ങിയവരാണ് സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ മേല്‍ക്കോടതിയെ സമീപിച്ചത്.
മോട്ടോര്‍ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും സെക്ഷന്‍ 93 പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌താണ് അപ്പീലുകള്‍ സമര്‍പ്പിച്ചത്.