-->
ന്യൂഡല്‍ഹി: തുക കെട്ടിവയ്‌ക്കുമെന്ന ഉറപ്പ് പാലിക്കുന്നതില്‍ പ്രതി പരാജയപ്പെട്ടെന്ന കാരണത്താല്‍ ജാമ്യാപേക്ഷകയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്‌ക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരേയാണ് ജസ്‌റ്റിസുമാരായ മനോജ് മിശ്രയും മന്‍മോഹന്‍ അടങ്ങുന്ന ബെഞ്ച് നിലപാടെടുത്തത്.
പ്രഗത് അക്ഷയ് ഊര്‍ജ ലിമിറ്റഡിന് അനുവദിച്ച ഏകദേശം 4.10 കോടി രൂപയുടെ സര്‍ക്കാര്‍ സബ്‌സിഡി വകമാറ്റിയെന്ന് ആരോപിക്കപ്പെടുന്ന കേസിലാണ് പരമോന്നത കോടതിയുടെ നീരിക്ഷണം. കമ്പനി ഡയറക്‌ടര്‍മാരില്‍ ഒരാളായ രാകേഷ് ജെയിനെ 2019 ഡിസംബര്‍ 12ന് അറസ്‌റ്റ് ചെയ്‌തു. 2019 ഡിസംബര്‍ 26 ന് കമ്പനി 2,17,92,500 രൂപ കെട്ടിവച്ചു. ബാക്കി തുകയും നിക്ഷേപിക്കുമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ നല്‍കിയ ഉറപ്പിന്റെ അടിസ്‌ഥാനത്തില്‍, 2020 ഏപ്രില്‍ 22ന് ഹൈക്കോടതി ജെയിന് ഇടക്കാല ജാമ്യം അനുവദിച്ചു.
ജെയിനിന്റെ സ്‌ഥിരം ജാമ്യത്തിനുള്ള അപേക്ഷ പരിഗണനയിലായിരുന്നെങ്കിലും ഇടക്കാല ജാമ്യം ഇടയ്‌ക്കിടെ നീട്ടിക്കൊണ്ടിരുന്നു. ഒടുവില്‍, ബാക്കി തുക നിക്ഷേപിക്കുമെന്ന ഉറപ്പ് പാലിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇടക്കാല ജാമ്യം റദ്ദാക്കി. തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. വകമാറ്റിയതായി ആരോപിക്കപ്പെടുന്ന ഫണ്ടിന്റെ സിംഹഭാഗവും ഇതിനകം കോടതിയില്‍ കെട്ടിവച്ചതാണ്. ബാക്കി തുക നല്‍കാമെന്ന ഉറപ്പ് പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന ഒറ്റ കാരണത്താല്‍ ഐ.പി.സി സെക്ഷന്‍ 409 പ്രകാരം കുറ്റാരോപിതനായ ഡയറക്‌ടറുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കാതെ വച്ച ഡല്‍ഹി ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി റദ്ദാക്കി.
ജാമ്യാപേക്ഷ പരിഗണിക്കാന്‍ മുന്‍കൂര്‍ പണം കെട്ടിവയ്‌ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ മാറ്റിവയ്‌ക്കാന്‍ ഇത് അടിസ്‌ഥാനമാക്കരുത്. മെറിറ്റുകളുടെ അടിസ്‌ഥാനത്തില്‍ വേണം കേസില്‍ തീരുമാനമെടുക്കാനെന്നും കോടതി ചൂണ്ടിക്കാട്ടി.