-->
താരകുടുംബത്തില്‍ നിന്നെത്തി തന്റെ മികച്ച പ്രകടനങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര നായികയായി മാറിയ അഭിനേത്രിയാണ് റാണി മുഖര്‍ജി. ബിഗ് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന താരം, ഏത് റോളും പൂര്‍ണതയോടെ പകര്‍ന്നാടാന്‍ കഴിവുള്ള ചുരുക്കം നടിമാരില്‍ ഒരാള്‍ കൂടിയാണ്. ടീനേജ് കാലത്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ച റാണി മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും ഇന്നും വെള്ളിത്തിരയില്‍ നിറഞ്ഞു നിൽക്കുന്നു.
ഇപ്പോഴിതാ ഗുലാം സിനിമയുടെ സമയത്ത് സ്വന്തം ശബ്ദത്തിന് പകരം മറ്റൊരാളാണ് ഡബ്ബ് ചെയ്തതെന്നും അത് തന്നെ അസ്വസ്ഥയാക്കിയെന്നും പറയുകയാണ് റാണി മുഖർജി. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തെക്കുറിച്ച് കരൺ ജോഹറുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘‘ഗുലാം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, സഹതാരം ആമിർ ഖാനാണ് എന്റെ ശബ്ദം മറ്റൊരു ആര്‍ട്ടിസ്റ്റ് ഡബ്ബ് ചെയ്യുമെന്ന് എന്നോട് പറഞ്ഞത്. ഒരു പുതുമുഖമെന്ന നിലയിൽ നമുക്ക് വലിയ തിരഞ്ഞെടുപ്പുകള്‍ ഉണ്ടാവില്ലെന്നാണ് എന്റെ കരുതല്‍. ആമിറിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയുന്നത് എനിക്ക് വളരെ വലിയ കാര്യമായിരുന്നു, കാരണം അദ്ദേഹം അന്നത്തെ സൂപ്പർസ്റ്റാറുകളിൽ ഒരാളായിരുന്നു. എന്റെ സംവിധായകനായ വിക്രം ഭട്ടിൽ നിന്ന് പിന്നീട് എനിക്ക് മനസ്സിലായി, വാസ്തവത്തിൽ അത് വിക്രം, മുകേഷ് ജി, ആമിർ എന്നിവർ ചേർന്നെടുത്ത തീരുമാനമായിരുന്നു എന്ന്. പക്ഷേ എന്നോട് സംസാരിക്കാനായി അവര്‍ തെരഞ്ഞെടുത്തത് അവർ ആമിറിനെയാണ്.
സിനിമയുടെ ഏറ്റവും മികച്ചതിനായി നമ്മൾ ചില കാര്യങ്ങൾ ത്യജിക്കണമെന്ന് ആമിർ എനിക്കന്ന് വിശദീകരിച്ചു തന്നു. നിങ്ങളുടെ ശബ്ദം കഥാപാത്രത്തിനോ വേഷത്തിനോ അനുയോജ്യമല്ലായിരിക്കാം എന്ന് ആമിര്‍ പറഞ്ഞു.
ആമിര്‍ എന്നോട് എനിക്കേറെ പ്രിയപ്പെട്ട അഭിനേത്രിയാരാണെന്ന് ചോദിച്ചു, അപ്പോള്‍ത്തന്നെ ഞാന്‍ ശ്രീദേവിയാണെന്ന് മറുപടി നല്‍കി. ശ്രീദേവിയുടെ ഉദാഹരണം ആമിര്‍ എന്നോട് പറഞ്ഞു. ‘ശ്രീദേവിയുടെ പല സിനിമകളിലും അവരുടെ ശബ്ദം ഡബ്ബ് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അതൊന്നും അവരെ ഒരു താരമാകുന്നതിൽ നിന്ന് തടഞ്ഞില്ല...’ എന്ന്. ആ ലോജിക് വച്ച് ആമിര്‍ പറഞ്ഞു, ‘റാണി, സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായതിന് നീ കീഴടങ്ങണം, നിന്റെ ശബ്ദം ഡബ്ബ് ചെയ്യണമെന്നാണ് ഞങ്ങളുടെ കരുതല്‍...’ എന്ന്.
അത് എനിക്ക് അല്പം വിഷമം ഉണ്ടാക്കി. പക്ഷേ, ഒരു സിനിമയുടെ ഭാഗമാകുമ്പോഴെല്ലാം ഒരു ടീം പ്ലെയർ ആകേണ്ടതിനാൽ എനിക്ക് വിഷമമുണ്ടെന്ന് എനിക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് സത്യമാണ്. അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും എന്ന നിലയിൽ നമ്മൾ ഒരു ടീമിന്റെ ഭാഗമാകണമെന്ന് ഞാൻ കരുതുന്നു. വ്യക്തിപരമായ നിരാശകൾ ഉണ്ടായാലും, സിനിമയെ സംബന്ധിച്ചിടത്തോളം ഉദ്ദേശ്യം ശരിയാണെങ്കിൽ അത് പ്രശ്നമല്ല. അങ്ങനെ ചിന്തിച്ചതു കൊണ്ട് എന്റെ ശബ്ദം അതില്‍ ഡബ്ബ് ചെയ്തു...’’ റാണി പറഞ്ഞു.
ഒപ്പം ‘കുച്ച് കുച്ച് ഹോത്താ ഹേ’ എന്ന സിനിമയിൽ കരണ്‍ ജോഹർ തന്റെ ശബ്ദം നിലനിർത്താൻ തീരുമാനിച്ചതിന്റെ കഥ വിവരിച്ചപ്പോള്‍ റാണി വികാരാധീനയായി കരഞ്ഞു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഷാരൂഖ് ഖാനും കജോളിനുമൊപ്പം സൽമാൻ ഖാനും എത്തിയ സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്തത് റാണിയാണ്.
‘‘ഇക്കാര്യത്തില്‍ ഞാന്‍ കരണിനോട് കടപ്പെട്ടിരിക്കുന്നു. ‘കുച്ച് കുച്ച് ഹോതാ ഹേ’ എന്ന സിനിമയുടെ ട്രെയിലറിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞങ്ങൾ. നീ എന്റെ അടുത്ത് വന്ന് ചോദിച്ചു, ‘റാണി, ‘ഗുലാം’ എന്ന സിനിമയിൽ നിന്റെ ശബ്ദം ആളുകൾ ഡബ്ബ് ചെയ്യുന്നുണ്ടോ?’എന്ന്. ഞാൻ ‘അതെ’ എന്ന് മറുപടി നല്‍കി.
‘ഡബ്ബിംഗ് ചെയ്യുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ?’ എന്നായി കരണ്‍. ‘ഇല്ല, എനിക്ക് ഡബ്ബിംഗ് ചെയ്യുന്നതിൽ പ്രശ്‌നമില്ല.’ എന്ന് ഞാന്‍ പറഞ്ഞു. ‘നിന്റെ ആദ്യ സിനിമ നീ തന്നെയാണോ ഡബ്ബ് ചെയ്തത്?’ എന്ന് കരണ്‍. ഞാൻ പറഞ്ഞു, ‘തീർച്ചയായും, ഞാൻ എന്റെ ആദ്യ സിനിമ ഡബ്ബ് ചെയ്തു’.
അപ്പോള്‍ കരണ്‍ പറഞ്ഞു. ‘എനിക്ക് നിങ്ങളുടെ ശബ്ദം ഇഷ്ടമാണ്’ എന്ന്. ‘അത് ഇപ്പോഴും എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്...’ കണ്ണു നിറഞ്ഞ് റാണി പറഞ്ഞു.
‘എനിക്ക് നിങ്ങളുടെ ശബ്ദം ഇഷ്ടമാണ്, എന്റെ സിനിമയ്ക്ക് നിങ്ങൾ ഡബ്ബ് ചെയ്യും...’ എന്നാണ് കരണ്‍ അന്നെന്നോട് പറഞ്ഞത്. കരൺ, എനിക്ക് എന്റെ ശബ്ദം നിലനിർത്താൻ സഹായിച്ചതിന് നന്ദി....’’റാണി പറഞ്ഞു.
അന്തരിച്ച ചലച്ചിത്ര നിർമ്മാതാവ് റാം മുഖർജിയുടെയും പിന്നണി ഗായിക കൃഷ്ണ മുഖർജിയുടെയും മകളായ റാണി 1996-ൽ പുറത്തിറങ്ങിയ ‘രാജ കി ആയേഗി ബരാത്ത്’ എന്ന ചിത്രത്തിലൂടെയാണ് റാണി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.
സാതിയ, ബ്ലാക്ക്, ബണ്ടി ഔർ ബാബ്ലി,ഹം തും, ചല്‍തേ ചല്‍തേ, നോ വൺ കിൽഡ് ജെസീക്ക, മർദാനി, മിസ്സിസ് ചാറ്റർജി വേര്‍സസ് നോർവേ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് റാണിക്ക് ഏറെ പ്രശംസകള്‍ കിട്ടിയിട്ടുണ്ട്. മുഖ്യധാരാ ഹിറ്റുകൾക്കും സ്ത്രീപക്ഷ സിനിമകളിലും അഭിനയിക്കുന്നതിന് പേരു കേട്ട ഒരു അഭിനേത്രിയായി സ്വയം സ്ഥാപിച്ചിട്ടുണ്ട് റാണി മുഖര്‍ജി. ജനുവരി 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്ന തന്റെ പുതിയ ചിത്രമായ ‘മർദാനി 3’യ്ക്കായി കാത്തിരിക്കുകയാണ് താരം.