-->
98 ാംമത് ഓസ്‌കര്‍ അവാര്‍ഡ്‌സ് മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പ്രഥമ പരിഗണന പട്ടികയില്‍ ഇടം പിടിച്ച് ഹോം ബൗണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളാണ് വിദേശ ഭാഷ വിഭാഗത്തില്‍ ഇടംനേടിയത്. 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി കൂടിയായിരുന്നു നീരജ് ഗെയ്വാന്‍ സംവിധാനം ചെയ്ത 'ഹോംബൗണ്ട്'. ധര്‍മ പ്രൊഡക്ഷന്‍ നിര്‍മിച്ച ചിത്രത്തില്‍ ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജേത്വ, ജാന്‍വി കപൂര്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രഖ്യാപനത്തിനു പിന്നാലെ വൈകാരിക കുറിപ്പ് പങ്കുവെച്ചെത്തിയിരിക്കുകയാണ് നിര്‍മാതാവ് കരണ്‍ ജോഹര്‍. സിനിമയുടെ യാത്രയില്‍ തനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്നാണ് കരണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറച്ചത്.
‘ഹോംബൗണ്ട് എന്ന സിനിമയുടെ യാത്രയില്‍ ഞാന്‍ എത്രമാത്രം അഭിമാനിക്കുന്നു, ആഹ്ലാദിക്കുന്നു, ചന്ദ്രനുമപ്പുറം നില്‍ക്കുന്നു എന്ന് എനിക്ക് പറയാന്‍ കഴിയുമെന്ന് ഉറപ്പില്ല. ധര്‍മ മൂവിസിന്റെ ഈ അഭിമാനകരവും പ്രധാനപ്പെട്ടതുമായ ചിത്രം നമ്മുടെ ഫിലിമോഗ്രഫിയില്‍ ലഭിച്ചതില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനമുണ്ട്. നമ്മുടെ നിരവധി സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചതിന് സംവിധായകന്‍ നീരജ് ഗെയ്‌വാന് നന്ദി. കാനില്‍ നിന്ന് ഓസ്‌കര്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം നേടിയതുവരെയുളള ഞങ്ങളുടെ സ്വപ്നങ്ങള്‍ വളരെ വലുതാണ്. ഈ പ്രത്യേക ചിത്രത്തിന്റെ മുഴുവന്‍ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ടീമുകളോടും സ്‌നേഹം. ഹോംബൗണ്ട് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്നു എന്നാണ് ’കരണ്‍ കുറിച്ചത്.
ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'ഹോംബൗണ്ട്' കാനിലും ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ട് വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടൊറന്റോയില്‍ ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡില്‍ മൂന്നാം സമ്മാനം ചിത്രം സ്വന്തമാക്കി. സെപ്റ്റംബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നോർത്തിന്ത്യയിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കൾ പൊലീസിൽ ചേരാനുള്ള ആഗ്രഹം നിറവേറ്റാനായി മുന്നിട്ടിറങ്ങുകയും, അതുവഴി സമൂഹത്തിൽ നിന്നും തങ്ങൾക്ക് ഇതുവരെ ലഭിക്കാത്ത ബഹുമാനം നേടാൻ കഴിയുമെന്നുമാണ് അവർ കരുതുന്നത്. എന്നാൽ ഈ യാത്രയിൽ ഇരുവരും നേരിടുന്ന പ്രതിസന്ധികളാണ് 'ഹോംബൗണ്ട്' എന്ന ചിത്രത്തിന്റെ പ്രമേയം.