-->
ആക്ഷനും പ്രണയവുമെല്ലാം അഭ്രപാളിയില്‍ അനശ്വരമാക്കിയ ബോളിവുഡിലെ എക്കാലത്തെയും ഇതിഹാസതാരം ധര്‍മ്മേന്ദ്രയുടെ വേര്‍പാടിന്റെ നൊമ്പരമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഡിസംബർ 8ന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു താരത്തിന്റെ വേര്‍പാട്. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന താരം സ്വവസതിയില്‍ വച്ച് അന്തരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തിയിട്ടുണ്ട്. മരണം സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്‍തിട്ടുണ്ട്. എന്നാല്‍ കുടുംബം ഇതുവരെ മരണം സ്ഥീരീകരിച്ചിട്ടില്ല. മുന്‍പ് ഒരു തവണ താരം അന്തരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ വരുകയും ഭാര്യ ഹേമമാലിനിയും മക്കളും അതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടനും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ വാര്‍ത്ത പങ്കിട്ടതോടെ സത്യമാണെന്ന് ആരാധകരും വിശ്വസിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കരണ്‍ ജോഹര്‍ പങ്കിട്ട സോഷ്യല്‍ മീഡിയ കുറിപ്പാണ് ആരാധകര്‍ നൊമ്പരത്തോടെ ഏറ്റെടുക്കുന്നത്. ഒരു യുഗത്തിന്റെ അവസാനമാണെന്നും ഇന്ത്യൻ സിനിമയുടെ ഒരു വിശ്വസ്ത ഇതിഹാസമാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളും ആലിംഗനവും അവിശ്വസനീയമായ ഊഷ്മളതയും വാക്കുകൾക്ക് വിവരിക്കാൻ കഴിയാത്തത്ര നഷ്ടമാകുമെന്നുമാണ് കരണ്‍ ജോഹര്‍ കുറിച്ചിരിക്കുന്നത്.
‘‘ഒരു യുഗത്തിന്റെ അവസാനമാണിത്.... ഒരു വലിയ മെഗാ സ്റ്റാർ... മുഖ്യധാരാ സിനിമയിലെ ഒരു നായകന്റെ മൂർത്തീഭാവം... അവിശ്വസനീയമാംവിധം സുന്ദരനും ഏറ്റവും നിഗൂഢവുമായ സ്ക്രീൻ സാന്നിധ്യം... അദ്ദേഹം ഇന്ത്യൻ സിനിമയുടെ ഒരു വിശ്വസ്ത ഇതിഹാസമാണ്, എന്നും... സിനിമാ ചരിത്രത്തിന്റെ താളുകളിൽ നിർവചിക്കുന്നവനും സമ്പന്നനുമായ സാന്നിധ്യം... പക്ഷേ, പ്രധാനമായും അദ്ദേഹം ഏറ്റവും മികച്ച മനുഷ്യനായിരുന്നു... നമ്മുടെ ഇൻഡസ്ട്രിയിലെ എല്ലാവരും അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നു... എല്ലാവരോടും അദ്ദേഹത്തിന് അതിരറ്റ സ്നേഹവും പോസിറ്റിവിറ്റിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ... അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളും ആലിംഗനവും അദ്ദേഹത്തിന്റെ അവിശ്വസനീയമായ ഊഷ്മളതയും വാക്കുകൾക്ക് വിവരിക്കാൻ കഴിയാത്തത്ര നഷ്ടമാകും...
ഇന്ന് നമ്മുടെ ഇൻഡസ്ട്രിയിൽ ആ വിടവ് വന്നിരിക്കുകയാണ്... ആർക്കും ഒരിക്കലും നികത്താനാവാത്ത ഒരു ഇടം... എപ്പോഴും ഒരേയൊരു ധരംജി... ദയയുള്ള സർ, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു ... ഞങ്ങൾ നിങ്ങളെ വളരെയധികം മിസ് ചെയ്യും... ഇന്ന് സ്വർഗ്ഗം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു... നിങ്ങളോടൊപ്പം പ്രവർത്തിച്ചത് എന്റെ അനുഗ്രഹമായിരിക്കും...എന്റെ ഹൃദയം ബഹുമാനത്തോടെയും ബഹുമാനത്തോടെയും സ്നേഹത്തോടെയും പറയുന്നു.... അഭി ന ജാവോ ചോട്കേ, കെ ദില്‍ അഭി ഭരാ നഹി...ഓം ശാന്തി...’’ എന്നാണ് കരണ്‍ ജോഹര്‍ കുറിച്ചിരിക്കുന്നത്. സിനിമാതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് അഭിനയ ഇതിഹാസത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.
അരനൂറ്റാണ്ടിലേറെ കാലം ബോളിവുഡ് സിനിമ അടക്കി ഭരിച്ച നായകനാണ് ധർമേന്ദ്ര.1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്രയുടെ ബിഗ്സ്‌ക്രീനിലെ അരങ്ങേറ്റം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
19-ാം വയസില്‍ കുടുംബസുഹൃത്തിന്റെ മകളായ പ്രകാശ് കൗര്‍ അദ്ദേഹത്തിന്റെ ജീവിതസഖിയായി. അന്ന് ധർമേന്ദ്ര സിനിമയില്‍ എത്തിയിട്ടില്ല. ആ ബന്ധത്തില്‍ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളും വിജേത, അജിത എന്നിങ്ങനെ രണ്ട് പെണ്‍മക്കളും ജനിച്ചു.
പിന്നീട് ബോളിവുഡിന്റെ ഡ്രീംഗേൾ ഹേമമാലിനിയെ വിവാഹം ചെയ്തു. അതിൽ ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നീ മക്കളുമുണ്ട്.