-->
ന്യൂഡല്‍ഹി: സൈനിക കവചിത വാഹനം റോഡില്‍നിന്ന് തെന്നിമാറി ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് 10 ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്‌ഥര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു. ജമ്മു കശ്‌മീരിലെ ദോഡ ജില്ലയിലെ
ഭദേര്‍വാ-ചമ്പ അന്തര്‍സംസ്‌ഥാന റോഡിലെ ഖന്നി ടോപ്പിലാണ് സംഭവം. ബുള്ളറ്റ് പ്രൂഫ് കാസ്‌പര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 20 പേരുണ്ടായിരുന്നു. കൊടുംവളവ് പിന്നിടുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതായി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
വാഹനം മറിഞ്ഞ് 200 അടി താഴ്‌ചയുള്ള പാറക്കെട്ടുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു. സൈന്യവും ജമ്മു കശ്‌മീര്‍ പോലീസും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. നാല് സൈനികരുടെ മൃതദേഹങ്ങള്‍ അപകടസ്‌ഥലത്തു കണ്ടെടുത്തു. പരുക്കേറ്റ 13പേരെ അവശിഷ്‌ടങ്ങളില്‍ നിന്ന് ആദ്യം രക്ഷപ്പെടുത്തി. തുടര്‍ന്ന് അടുത്തുള്ള സൈനിക മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.
ഗുരുതരമായി പരുക്കേറ്റവരെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി ഉദംപൂരിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് എയര്‍ലിഫ്‌റ്റ് ചെയ്‌തു.
ഡോക്‌ടര്‍മാര്‍ അക്ഷീണം പ്രവര്‍ത്തിച്ചെങ്കിലും, ഉച്ചകഴിഞ്ഞ് ആറ്‌പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ പത്ത് ആയി.