-->
ന്യൂഡല്‍ഹി: ഡിസംബറില്‍ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ അലങ്കോലപ്പെട്ട സംഭവത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റിനെ പിരിച്ചുവിടാന്‍ എയര്‍ലൈനോട് ആവശ്യപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ഇന്‍ഡിഗോയ്‌ക്ക് 22 കോടി രൂപ പിഴ ചുമത്തി. കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചേതന്‍ ശര്‍മ്മ ബോധിപ്പിച്ചു. അവധിക്കാലത്ത് ആയിരക്കണക്കിന് യാത്രക്കാരെ വലച്ച വിമാന റദ്ദാക്കലുകളില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണു സര്‍ക്കാരിന്റെ പ്രതികരണം.
റദ്ദാക്കിയ ടിക്കറ്റുകളുടെ വില തിരികെ നല്‍കിയതായി ഇന്‍ഡിഗോയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.
വിമാന തടസങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ഉടന്‍ നഷ്‌ടപരിഹാരം നല്‍കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
കുടുങ്ങിക്കിടന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന 10,000 രൂപയുടെ വൗച്ചറുകള്‍ക്ക് 12 മാസത്തെ സാധുത നല്‍കാനുള്ള ഇന്‍ഡിഗോയുടെ നീക്കത്തെ ഹൈക്കോടതി ചോദ്യം ചെയ്‌തു. 2 മാസത്തിനുള്ളില്‍ വൗച്ചര്‍ ഉപയോഗിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ചീഫ് ജസ്‌റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്‌റ്റിസ് തേജസ് കരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. നഷ്‌ടപരിഹാരം നല്‍കുന്ന രീതിയെക്കുറിച്ച് രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഒരു സത്യവാങ്‌മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഡി.ജി.സി.എ. മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു. കേന്ദ്രം സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നതായി കഴിഞ്ഞ വാദം കേള്‍ക്കലില്‍ കോടതി പറഞ്ഞിരുന്നു;