-->
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നോവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിലെത്തി. പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ജോക്കോ ഫ്രാന്‍സെസ്‌കോ മാസ്‌ട്രെലിയെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 6-2, 6-2.
ഗ്രാന്‍സ്ലാമില്‍ 400 ജയങ്ങളെന്ന അപൂര്‍വ നേട്ടത്തിന്റെ വക്കിലാണു സൂപ്പര്‍ താരം. ഒന്നാം റൗണ്ട് കടന്നതോടെ ജോക്കോ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നൂറ് ജയങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. മൂന്നാം റൗണ്ട് കടന്നാല്‍ 400 ജയങ്ങളും പൂര്‍ത്തിയാകും. 38 വയസുകാരനായ ജോക്കോയ്‌ക്കു മുന്നില്‍ ഫ്രാന്‍സെസ്‌കോ മാസ്‌ട്രെലിക്കു പിടിച്ചു നില്‍ക്കാനായില്ല. വാന്‍ ഡി സാന്‍സ്‌കൂപാണ് ജോക്കോയെ മൂന്നാം റൗണ്ടില്‍ നേരിടുക. ലേണര്‍ ടിയാനെയാണു വാന്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 5-7, 6-1, 6-0.
40 വയസുകാരന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്‌റ്റാനിസ്ലാസ് വാവ്‌റിങ്കയും മൂന്നാം റൗണ്ടിലെത്തി. ഫ്രാന്‍സിന്റെ ക്വാളിഫയര്‍ ആര്‍തര്‍ ഗിയയൊണു വാവ്‌റിങ്ക തോല്‍പ്പിച്ചത്. സ്‌കോര്‍: 4-6, 6-3, 3-6, 7-5, 7-6 (3). വാശിയേറിയ പോരാട്ടം നാല് മണിക്കൂര്‍ 33 മിനിറ്റ് നീണ്ടു. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമനാണ് വാവ്‌റിങ്ക.
1978 ല്‍ കെന്‍ റോസ്‌വാള്‍ 44-ാം വയസില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടിലെത്തിയിരുന്നു. മുന്‍ ലോക മൂന്നാം നമ്പറായ വാവ്‌റിങ്ക മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടി. വനിതാ സിംഗിള്‍സില്‍ യു.എസിന്റെ നവോമി ഒസാക മൂന്നാം റൗണ്ടിലെത്തി. റൊമാനിയയുടെ സോറാന സിര്‍സ്‌റ്റിയയെയാണ് ഒസാക തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 4-6,6-2. മത്സരം രണ്ട് മണിക്കൂര്‍ നീണ്ടു.