-->
തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്‌ജി ട്രോഫി ക്രിക്കറ്റ് ബി ഗ്രൂപ്പ് മത്സരത്തില്‍ ചണ്ഡിഗഢിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഒന്നാം ദിവസം കേരളം 139 റണ്ണിന് ഓള്‍ഔട്ടായി. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍ എന്ന നിലയിലാണ്. മൂന്ന് റണ്ണിന്റെ ലീഡാണ് അവര്‍ നേടിയത്.
അര്‍ജുന്‍ ആസാദ് (99 പന്തില്‍ ഒരു സിക്‌സറും 10 ഫോറുമടക്കം 78), നായകന്‍ മനന്‍ വോഹ്‌റ (87 പന്തില്‍ 51) എന്നിവരാണു ക്രീസില്‍. ഓപ്പണര്‍ നിഖില്‍ ഠാക്കൂറിനെ (11) എം.ഡി. നിധീഷ് നായകനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് അസ്‌ഹറുദ്ദീന്റെ കൈയിലെത്തിച്ചു. മംഗലപുരത്തെ കെ.സി.എ. ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടിയ കേരളാ നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ജെ. നായരെ (ഒന്ന്) നഷ്‌ടമായി. കാര്‍ത്തിക് സന്ദിലിന്റെ പന്തില്‍ വിഷ്‌ണുവിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങിയത്. വൈകാതെ 14 റണ്‍സെടുത്ത എ.കെ. ആകര്‍ഷിനെ രോഹിത് ധന്ദക്ല ീന്‍ ബൗള്‍ഡാക്കി.
സച്ചിന്‍ ബേബിയും (110 പന്തില്‍ 41) ബാബാ അപരാജിത്തും (107 പന്തില്‍ 49) ചേര്‍ന്ന സഖ്യം കേരളത്തിനു പ്രതീക്ഷ നല്‍കി. ഇരുവരും ഉറച്ചുനിന്നതോടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കേരളം രണ്ടിന് 87 റണ്‍ എന്ന നിലയിലായിരുന്നു. ശേഷമുള്ള നാലാം ഓവറില്‍ തന്നെ സച്ചിന്‍ ബേബിയും വിഷ്‌ണു വിനോദും (0) പുറത്തായി. രോഹിത് ധന്ദയുടെ അടുത്തടുത്ത പന്തുകളില്‍ ഇരുവരും വിക്കറ്റിനു മുന്നില്‍ കുടുങ്ങി. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ബാബാ അപരാജിത്തും (49) മടങ്ങി. നിഷുങ്ക് ബിര്‍ല ബാബായെ വിക്കറ്റ് കീപ്പര്‍ അര്‍ജിത് പാനുവിന്റെ കൈയിലെത്തിച്ചു. എട്ട് പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്‌ടമായതോടെ കേരളത്തിന്റെ തകര്‍ച്ച പൂര്‍ണമായി. മുഹമ്മദ് അസ്‌ഹറുദ്ദീന്‍ (നാല്), അങ്കിത് ശര്‍മ്മ (ഒന്ന്), ശ്രീഹരി എസ്. നായര്‍ (0) എന്നിവരാണ് തുടരെയുള്ള ഓവറുകളില്‍ മടങ്ങിയത്. ഒരു റണ്ണുമായി നിധീഷ് എം ഡിയും അക്കൗണ്ട് തുറക്കാതെ ഏദന്‍ ആപ്പിള്‍ ടോമും കൂടി മടങ്ങിയതോടെ ഇന്നിങ്‌സ് അവസാനിച്ചു. സല്‍മാന്‍ നിസാര്‍ 13 റണ്ണുമായി പുറത്താകാതെനിന്നു. ചണ്ഡിഗഢിനായി നിഷുങ്ക് ബിര്‍ള നാല് വിക്കറ്റും രോഹിത് ധന്ദ മൂന്ന് വിക്കറ്റും ജഗജിത് സിങ് സന്ധു രണ്ട് വിക്കറ്റുമെടുത്തു. ബി ഗ്രൂപ്പിലെ സൗരാഷ്‌ട്രയും പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ വിക്കറ്റ് മഴയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത സൗരാഷ്‌ട്ര 172 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്‌ത പഞ്ചാബും ബാറ്റിങ് തകര്‍ച്ച നേരിട്ടു. അവര്‍ 139 റണ്ണിന് ഓള്‍ഔട്ടായി. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ സൗരാഷ്‌ട്ര രണ്ടാം ഇന്നിങ്‌സില്‍ മൂന്നിന് 24 റണ്‍ എന്ന നിലയിലാണ്.