-->
ദീബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍സില്‍ കേരളത്തിന് വിജയത്തുടക്കം. നിലവിലെ റണ്ണര്‍ അപ്പായ കേരളം ആദ്യ മത്സരത്തില്‍ പഞ്ചാബിനെ 3-1 നാണു തോല്‍പ്പിച്ചത്.
സിലാപാതര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ ഏഴ് മിനിറ്റിനിടെ മൂന്ന് ഗോളടിച്ചാണു കേരളം പഞ്ചാബിനെ തകര്‍ത്തത്‌്. മുഹമ്മദ് അജ്‌സല്‍ ഇരട്ട ഗോളുമായി കളം നിറഞ്ഞു. കളിയുടെ ഗതിക്കു വിപരീതമായി 27-ാം മിനിറ്റില്‍ പഞ്ചാബ് ജതീന്ദര്‍ സിങ് റാണയിലൂടെ മുന്നിലെത്തി. കേരളത്തിന്റെ തുടരന്‍ ആക്രമണങ്ങളെ പഞ്ചാബ് പ്രതിരോധിച്ചതോടെ ആരാധകര്‍ നിരാശയിലായി. പഞ്ചാബിന് ലീഡ് സമ്മാനിച്ചാണ് ഒന്നാം പകുതി അവസാനിച്ചത്. രണ്ടാം പകുതി തുടങ്ങി എട്ടാം മിനിറ്റില്‍ എം. മനോജിലൂടെ സമനില ഗോളെത്തി.
അതോടെ കോച്ച് എം. ഷഫീഖ് ഹസന്റെയും സംഘത്തിന്റെയും മുഖത്ത് ആശാ്വസ നിശ്വാസമതെത്തി. വൈകാതെ കേരളത്തിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി അജ്‌സലിന്റെ ഇരട്ട ഗോളുകളുമെത്തി.
സൂപ്പര്‍ ലീഗ് കേരളയുടെ കഴിഞ്ഞ സീസണിലെ താരമായിരുന്ന അജ്‌സലിന് സന്തോഷ് ട്രോഫിയില്‍ കേരളത്തെ ഫൈനല്‍ വരെയെത്തിക്കാനുമായിരുന്നു. ഇന്നലെ 58-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. മറ്റൊരു മത്സരത്തില്‍ മേഘാലയ 1-0 ത്തിന് ഒഡീഷയെ തോല്‍പ്പിച്ചു. കളിയുടെ 23-ാം മിനിറ്റില്‍ ഗോളടിച്ച ബേബി സണ്‍ഡേ മാങ്‌നാറാണ് മേഘാലയയെ ജയിപ്പിച്ചത്. 2022-23 സീസണിലെ റണ്ണര്‍ അപ്പാണു മേഘാലയ.
ധാകുഅഖാന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ സര്‍വീസസും റെയില്‍വേസും തമ്മില്‍ നടന്ന മത്സരം 1-1 നു സമനിലയായി. സര്‍വീസസിനായി വാങ്‌ദെന്‍ തമാങും റെയില്‍വേസിനായി എന്‍ഗാങ്‌ബാം പാഞ്ച സിങും ഗോളടിച്ചു. സൂപ്പര്‍ ലീഗ് കേരളയില്‍ മികവ് കാണിച്ച 21 താരങ്ങളുമായാണ് കേരളം അസമിലെത്തിയത്.