-->
കോട്ടയം: വസ്‌തു പോക്കുവരവ് ചെയ്യാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്‌റ്റില്‍. ഇളങ്ങുളം വില്ലേജ് ഓഫീസര്‍ കാഞ്ഞിരപ്പള്ളി സ്വദേശി ഒ.എന്‍.എസ്. വിഷ്‌ണുവിനെയാണു വിജിലന്‍സ് പിടികൂടിയത്.
ചിറ്റടി സ്വദേശിയായ പരാതിക്കാരന്റെ മരണപ്പെട്ട സഹോദരീ ഭര്‍ത്താവിന്റെ പേരില്‍ ഇളങ്ങുളത്തുള്ള വസ്‌തു പോക്കുവരവ് ചെയ്യാനാണു കൈക്കൂലി വാങ്ങിയത്. വസ്‌തു സഹോദരിയുടെ പേരിലാക്കാന്‍ പരാതിക്കാരന്‍ കഴിഞ്ഞ ജൂലൈയില്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. പോക്കുവരവ് ചെയ്യാന്‍ ആവശ്യമായ രേഖകള്‍ വില്ലേജ് ഓഫീസില്‍ വാങ്ങുകയും അയല്‍വാസികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്‌തതല്ലാതെ തുടര്‍ നടപടികളൊന്നും വില്ലേജ് ഓഫീസര്‍ വിഷ്‌ണു സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നു പല പ്രാവശ്യം വില്ലേജ് ഓഫീസറെ നേരില്‍കണ്ട് സംസാരിച്ചെങ്കിലും അപേക്ഷയില്‍ ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നു സ്‌പെഷല്‍ വില്ലേജ് ഓഫീസറായി താല്‍ക്കാലികമായി വന്ന ഉദ്യോഗസ്‌ഥന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉത്തരവിനായി ഫയല്‍ വില്ലേജ് ഓഫീസര്‍ക്കു കൈമാറിയെങ്കിലും വില്ലേജ് ഓഫീസര്‍ വീണ്ടും ഫയല്‍ പിടിച്ചുവച്ചു.
കഴിഞ്ഞ ദിവസം പരാതിക്കാരന്‍ വില്ലേജ് ഓഫീസറെ നേരില്‍ കണ്ടപ്പോള്‍ നിര്‍ബന്ധിച്ച് 1,000 രൂപ വാങ്ങിയെടുക്കുകയും അടുത്ത ആഴ്‌ച ഓഫീസില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍, സര്‍ട്ടിഫിക്കേറ്റ് അത്യാവശ്യമാണെന്നു പരാതിക്കാരന്‍ അറിയിച്ചതിനെതുടര്‍ന്ന്, ഇന്നലെ ശരിയാക്കി നല്‍കാമെന്നും അപ്പോള്‍ സന്തോഷത്തിനുള്ളതു ചെയ്യണമെന്നും അതിനായി 2,000 രൂപ നല്‍കണമെന്നും വിഷ്‌ണു ആവശ്യപ്പെട്ടു.
പരാതിക്കാരന്‍ ഇക്കാര്യം വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു പണം കൈമാറുമ്പോള്‍ ഇയാളെ പിടികൂടുകയായിരുന്നു. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.