-->
സോഷ്യൽ മീഡിയയിലെ പ്രശസ്തരാണ് സിനിമ സീരിയല്‍ താരം ദേവിക നമ്പ്യാരും ഭർത്താവും ഗായകനുമായ വിജയ് മാധവും. വിവാഹശേഷമാണ് വിജയ് മാധവും ദേവിക നമ്പ്യാരും യുട്യൂബ് ചാനലുമായി സജീവമായത്. പാചകം, യാത്രകള്‍, വീട്ടുവിശേഷങ്ങള്‍ ഒപ്പം അല്‍പ്പം സംഗീതവും നിറഞ്ഞതാണ് ഇവരുടെ ചാനലിലെ കണ്ടന്റുകള്‍.
സീരിയല്‍ അഭിനയവും ആങ്കറിങ്ങുമായി വിവാഹത്തിന് മുമ്പ് വരെ ദേവിക മിനിസ്ക്രീനില്‍ സജീവമായിരുന്നു. എന്നാല്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ദേവിക, കലാലോകത്തു നിന്ന് ഇടവേളയെടുത്ത് യോഗസെന്ററും, വ്‌ളോഗിംഗുമൊക്കെയായി തിരക്കിലാണ്. അഭിനയലോകം വിട്ടത് സ്വയം എടുത്ത തീരുമാനമാണെന്നാണ് ഒരിക്കല്‍ ആരാധകരോട് സംവദിക്കവെ ദേവിക പറഞ്ഞത്. ദേവികയും വിജയ്യും പങ്കിടുന്ന റീലുകളൊക്കെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ ദേവിക പങ്കുവെച്ച പുതിയ റീലാണ് വൈറലാകുന്നത്. തന്റെ പുതിയ വിശേഷത്തെക്കുറിച്ച് പറഞ്ഞാണ് ട്രെന്‍ഡിംഗ് റീല്‍ ദേവിക പങ്കിട്ടിരിക്കുന്നത്. 2026 ല്‍ ഹോട്ടും സെക്സിയുമാകണോ അതോ ഗർഭിണിയാകണോ..? എന്ന തലക്കെട്ടോടെയാണ് ദേവിക റീല്‍ പുതിയ പങ്കുവെച്ചത്. ഏത് വേണമെന്ന് തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ആലോചനയില്‍ ഇരിക്കുന്ന ദേവികയെ റീലില്‍ കാണാം. താരത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ വിവിധ അഭിപ്രായങ്ങള്‍ കുറിച്ചു. നെഗറ്റീവും പോസിറ്റീവുമായ കമന്റുകള്‍ കുറിക്കുന്നുണ്ട്. ഈ കഴിഞ്ഞ ജനുവരി മുപ്പതിന് ആണ് ദേവിക ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകിയത്.
‘വിജയ്ക്ക് പിള്ളേർക്ക് പേരിട്ട് മതിയായില്ലെന്ന് തോന്നുന്നല്ലോ, ഉടനെ ഗർഭിണിയാകരുത്. ആദ്യം ആരോഗ്യം ശ്രദ്ധിക്കൂ... ഹീലായി വരാൻ ശരീരത്തിന് അല്‍പം സമയം നല്‍കൂ എന്നിട്ട് മാത്രം വീണ്ടും ഗർഭിണിയാകൂ. പിന്നെ എല്ലാം നിങ്ങളുടെ ഇഷ്ടം, കുറഞ്ഞത് രണ്ട് വയസ് വരെ എങ്കിലും കുട്ടികളെ മുലയൂട്ടണം. പാവം കുട്ടികള്‍... തുടരെ തുടരെ പ്രസവിക്കുന്നത് അവരോട് ചെയുന്ന അനീതിയാണ്, ഇത് തന്നെയാണോ പണി...’ എന്നതടക്കമാണ് കമന്റുകള്‍.
റീല്‍ കണ്ട് ദേവിക മൂന്നാമതും ഗർഭിണിയാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും കമന്റുകള്‍ കുറിച്ചത്. അത് തെറ്റായ നിഗമനമാണെന്നും താൻ ഗർഭിണി അല്ലെന്നും ദേവിക അത്തരം ചോദ്യങ്ങളുമായി എത്തിയവർക്ക് മറുപടിയായി കുറിച്ചു. ദേവികയുടെ രണ്ടാമത്തെ പ്രസവം അല്‍പ്പം ബുദ്ധിമുട്ടേറിയതായിരുന്നു. മരിച്ച് ജീവിച്ചതുപോലെയായിരുന്നുവെന്ന് ദേവിക തന്നെ ഡെലിവറി സ്റ്റോറി പങ്കിടവെ പറഞ്ഞിരുന്നു. ദേവികയ്ക്ക് സിസേറിയനായിരുന്നു. പ്രസവം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് ദേവിക കണ്ണ് തുറന്നത്. അതുവരെ വെന്റിലേറ്റർ സപ്പോർട്ടിലായിരുന്നു. ദേവികയുടെ കിടപ്പ് കണ്ട് കുഞ്ഞും പ്രസവവും ഒന്നും വേണ്ടായിരുന്നുവെന്ന് വരെ തോന്നിപ്പോയിയെന്ന് വിജയിയും പറഞ്ഞിരുന്നു.
രണ്ടു മക്കളാണ് ദേവികയ്ക്കും വിജയ്യ്ക്കുമുള്ളത്. ആത്മജ മഹാദേവ്, ഓം പരമാത്മ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. ആത്മജയ്ക്ക് മൂന്നും ഓം പരമാത്മയ്ക്ക് ഒന്നും വയസാണ്. മക്കള്‍ പിറന്ന ശേഷം വിജയ് മാധവും ദേവികാ നമ്പ്യാരും പോസ്റ്റ് ചെയ്യുന്ന എല്ലാ വീഡിയോയിലും ഇരുവരേയും കാണും. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുസൃതിയും കാണാൻ വേണ്ടി മാത്രം വിജയിയുടേയും ദേവികയുടേയും വ്ലോഗുകള്‍ കാണാനെത്തുന്നവരും ഏറെയാണ്. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ദേവിക ആത്മജ സെന്റർ വഴി നിരവധി പേരെ നൃത്തം, യോഗ എന്നിവ പരിശീലിപ്പിക്കുന്നുണ്ട്.
മക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പേരിട്ടതിന്റെ പേരില്‍ ഇവര്‍ രണ്ടാളും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇരുവരുടേയും മൂത്തകുട്ടി ആണ്‍കുട്ടിയാണ്. ആണ്‍കുഞ്ഞിന് പെണ്‍കുട്ടികളുടേതിന് സമാനമായ ആത്മജ മഹാദേവ് എന്ന പേരിട്ടതിന് വിജയിക്ക് വലിയ രീതിയിലുള്ള വിമർശനം ലഭിച്ചിരുന്നു.
തന്റെ ചിന്തയില്‍ വന്ന പേരാണ് ആത്മജ എന്നായിരുന്നു അന്ന് വിമർശനം ഉയർന്നപ്പോള്‍ വിജയ് നല്‍കിയ മറുപടി. രണ്ടാമത് പിറന്ന മകള്‍ക്ക് ഓം പരമാത്മ എന്ന് പേരിട്ടപ്പോഴും വലിയ വിമർശനം വിജയ്ക്ക് നേരെയുണ്ടായി. മക്കള്‍ക്ക് രണ്ട് പേരുകളും നല്‍കിയത് വിജയ് ആണ്. ഭാവിയില്‍ പേര് മാറ്റാനുള്ള ആഗ്രഹം മക്കള്‍ പ്രകടിപ്പിച്ചാല്‍ തടയില്ലെന്നും വിജയ് വിമർശനങ്ങള്‍ക്ക് മറുപടി നല്‍കിയപ്പോള്‍ പറഞ്ഞു.