-->
വിന്‍ഹോക്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ തുടരെ മൂന്നാം ജയവുമായി അഫ്‌ഗാനിസ്‌ഥാന്‍ നോക്കൗട്ടില്‍. ഇന്നലെ നടന്ന ഡി ഗ്രൂപ്പ് മത്സരത്തില്‍ അഫ്‌ഗാന്‍ ടാന്‍സാനിയയെ ഒന്‍പത് വിക്കറ്റിനു തോല്‍പ്പിച്ചു.
ആദ്യം ബാറ്റ് ചെയ്‌ത ടാന്‍സാനിയ 85 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ 13-ാം ഓവറില്‍ ലക്ഷ്യം കടന്നു. ടോസ് നേടിയ ടാന്‍സാനിയന്‍ നായകന്‍ ലക്ഷ് ബാക്രാനിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഏഴ് ഓവറില്‍ ഒന്‍പത് റണ്‍ മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത നൂറിസ്‌താനി ഒമര്‍സായിയാണു ടാന്‍സാനിയയെ എറിഞ്ഞിട്ടത്. ഉസൈറുള്ള നിയാസി രണ്ട് വിക്കറ്റും വാഹിദുള്ള സാദ്രാനും ഖാതിര്‍ സ്‌റ്റാനിക്‌സായും ഒരു വിക്കറ്റ് വീതമെടുത്തു. റെഹാന്‍ അഹ്‌തിഫ് (11), അഗസ്‌റ്റിനോ എംവാമെലെ (14), ലക്ഷ് (10) എന്നിവര്‍ മാത്രമാണു രണ്ടക്കം കടന്നത്. ഓപ്പണര്‍ ദര്‍പന്‍ ജോബന്‍പുത്ര, ഹംസ അലി, റെയ്‌മണ്ട് ഫ്രാന്‍സിസ് എന്നിവര്‍ക്കു റണ്ണെടുക്കാനായില്ല. അഫ്‌ഗാനായി ഓപ്പണര്‍ ഖാലിദ് അഹ്‌മദ്‌സായ് (14) പുറത്തായി. ഫൈസല്‍ ഷിനോസാദ (34 പന്തില്‍ ഒരു സിക്‌സറും ഒന്‍പത് ഫോറുമടക്കം 55), ഒസ്‌മാന്‍ സാദത് (26 പന്തില്‍ 16) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. മൂന്ന് കളികളില്‍നിന്ന് ആറ് പോയിന്റും നേടിയ അഫ്‌ഗാന്‍ ഒന്നാമതായി. രണ്ട് കളികളില്‍നിന്നു രണ്ട് പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതും വെസ്‌റ്റിന്‍ഡീസ് മൂന്നാമതുമുണ്ട്. മൂന്ന് മത്സരങ്ങളും തോറ്റ ടാന്‍സാനിയയ്‌ക്ക് അക്കൗണ്ട് തുറക്കാനായില്ല.
ഹരാരെയില്‍ നടന്ന സി ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് സ്‌കോട്ട്‌ലന്‍ഡിനെ 252 റണ്ണിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 404 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത സ്‌കോട്ട്‌ലന്‍ഡ് 45-ാം ഓവറില്‍ 152 റണ്ണിന് ഓള്‍ഔട്ടായി. മൂന്ന് കളികളും ജയിച്ച ഇംഗ്ലണ്ടും നോക്കൗട്ടിലെത്തി. 117 പന്തില്‍ എട്ട് സിക്‌സറും 18 ഫോറുമടക്കം 191 റണ്ണെടുത്ത ബെന്‍ മായേസാണ് ഇംഗ്ലണ്ടിനെ 400 കടത്തിയത്. ജോസഫ് മൂര്‍സ് 65 പന്തില്‍ നാല് സിക്‌സറും അഞ്ച് ഫോറുമടക്കം 81 റണ്ണുമായും തിളങ്ങി. സ്‌കോട്ട്‌ലന്‍ഡിനായി ഫിന്‍ലായ് കാര്‍ട്ടര്‍ (34) മാത്രമാണു പിടിച്ചു നിന്നത്.