Thursday, March 12, 2026 Last Updated 45 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.35 PM

ഇന്ത്യക്ക്‌ 48 റണ്ണിന്റെ ജയം.

uploads/news/2026/01/821986/sp2.jpg

നാഗ്‌പുര്‍: ന്യൂസിലന്‍ഡിനെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്‌ 48 റണ്ണിന്റെ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ഏഴ്‌ വിക്കറ്റിന്‌ 238 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡിന്‌ ഏഴ്‌ വിക്കറ്റിന്‌ 190 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയാണ്‌ ന്യൂസിലന്‍ഡ്‌ ഇന്ത്യയില്‍ കളിക്കുക.
ഇന്നലെ ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്‌സ് (40 പന്തില്‍ ആറ്‌ സിക്‌സറും നാല്‌ ഫോറുമടക്കം 78), മാര്‍ക്‌ ചാപ്‌മാന്‍ (24 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 39), ടിം റോബിന്‍സണ്‍ (15 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 21) എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിങ്‌ പുറത്തെടുത്തു. ഡെവണ്‍ കോണ്‍വേ (0) അര്‍ഷദീപ്‌ സിങ്‌ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്‌ കീപ്പര്‍ സഞ്‌ജു സാംസണിനു ക്യാച്ച്‌ നല്‍കി മടങ്ങി. വിദര്‍ഭ ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ ന്യൂസിലന്‍ഡ്‌ നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ അഭിഷേക്‌ ശര്‍മ (35 പന്തില്‍ എട്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 84), റിങ്കു സിങ്‌ (20 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം പുറത്താകാതെ 44), നായകന്‍ സൂര്യകുമാര്‍ യാദവ്‌ (22 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 32) എന്നിവരുടെ വെടിക്കെട്ടുകളാണ്‌ ഇന്ത്യയെ 200 കടത്തിയത്‌. സഞ്‌ജു സാംസണും (ഏഴ്‌ പന്തില്‍ 10) അഭിഷേകും ചേര്‍ന്നാണ്‌ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്‌. സഞ്‌ജുവിനെ കെയ്‌ല്‍ ജാമിസണിന്റെ പന്തില്‍ റാചിന്‍ രവീന്ദ്ര പിടികൂടി. മൂന്നാമനായിറങ്ങിയ ഇഷാന്‍ കിഷനും (അഞ്ച്‌ പന്തില്‍ എട്ട്‌) തിളങ്ങാനായില്ല. ഇഷാനെ ജേക്കബ്‌ ഡഫി മാര്‍ക്‌ ചാപ്‌മാന്റെ കൈയിലെത്തിച്ചു. ശിവംദുബെയ്‌ക്കും (നാല്‌ പന്തില്‍ ഒരു സിക്‌സറടക്കം ഒന്‍പത്‌) തിളങ്ങാനായില്ല. അഭിഷേകും സൂര്യകുമാറും ചേര്‍ന്ന്‌ മൂന്നാം വിക്കറ്റില്‍ 26 പന്തില്‍ 50 റണ്ണെടുത്തു. 22 പന്തിലാണ്‌ അഭിഷേക്‌ മടങ്ങിയത്‌. ഇഷ്‌ സോധിയെറിഞ്ഞ 12-ാം ഓവറില്‍ കെയ്‌ല്‍ ജാമിസണ്‍ പിടിച്ചാണ്‌ ഓപ്പണിങ്‌ ബാറ്റര്‍ മടങ്ങിയത്‌. വെറും 35 പന്തുകള്‍ നേരിട്ട അഭിഷേക്‌ എട്ടു സിക്‌സറും അഞ്ച്‌ ഫോറുമടിച്ചു. 22 പന്തിലായിരുന്നു അര്‍ധ സെഞ്ചുറി. അതോടെ ട്വന്റി20 യിലെ മറ്റൊരു റെക്കോഡും അഭിഷേക്‌ സ്വന്തമാക്കി. രാജ്യാന്തര ട്വന്റി20 യില്‍ ഇരുപത്തഞ്ചോ അതില്‍ കുറവോ പന്തുകളില്‍ ഏറ്റവും കൂടുതല്‍ തവണ അര്‍ധ സെഞ്ചുറി നേടിയ താരമെന്ന റെക്കോഡാണ്‌ അഭിഷേകിന്‌ സ്വന്തമായത്‌. എട്ടാം തവണയാണ്‌ ഇരുപത്തഞ്ചോ അതില്‍ കുറവോ പന്തുകളില്‍ അഭിഷേക്‌ അര്‍ധ സെഞ്ചുറി തികയ്‌ക്കുന്നത്‌. ഏഴ്‌ തവണ വീതം ഈ നേട്ടത്തിലെത്തിയ സൂര്യകുമാര്‍ യാദവ്‌, ഫില്‍ സാള്‍ട്ട്‌, എവിന്‍ ലൂയിസ്‌ എന്നിവരെ പിന്നിലാക്കിയാണു നേട്ടം. കിവീസിനെതിരേ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചുറി കൂടിയാണിത്‌. 23 പന്തില്‍ 50 റണ്ണെടുത്ത ലോകേഷ്‌ രാഹുലിന്റെയും രോഹിത്‌ ശര്‍മയുടെയും റെക്കോഡാണ്‌ അഭിഷേക്‌ തിരുത്തിയത്‌.

Ads by Google
Wednesday 21 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW