-->
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ ഒന്നാം സ്‌ഥാനത്തെത്തി. ഇന്ത്യക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെയാണു മിച്ചല്‍ ഒന്നാമനായത്.
ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയെയാണു ന്യൂസിലന്‍ഡ് താരം മറികടന്നത്. 845 റേറ്റിങ് പോയിന്റ് നേടാന്‍ മിച്ചലിനായി. പരമ്പരയ്‌ക്കിടെയാണു കോഹ്ലി സഹ താരം രോഹിത് ശര്‍മയെ മറികടന്ന് ഒന്നാം സ്‌ഥാനത്തെത്തിയത്‌്. 795 റേറ്റിങ് പോയിന്റുള്ള കോഹ്ലി രണ്ടാം സ്‌ഥാനത്തേക്കു വീണു. അഫ്‌ഗാനിസ്‌ഥാന്റെ ഇബ്രാഹിം സാദ്രാന്‍ 764 പോയിന്റുമായി മൂന്നാം സ്‌ഥാനത്തേക്കു കുതിച്ചു. നാലാം സ്‌ഥാനത്തേക്കു വീണ രോഹിത് ശര്‍മയ്‌ക്ക് 757 റേറ്റിങ് പോയിന്റാണ്.
മിച്ചലിനെ തുടരന്‍ സെഞ്ചുറികളാണ് 845 റേറ്റിങ് പോയിന്റിലെത്തിച്ചത്. കരിയറില്‍ രണ്ടാം തവണയാണു ന്യൂസിലന്‍ഡ് താരം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്തെത്തുന്നത്. നവംബറിലാണ് ആദ്യമായി ഒന്നാമനായത്. മൂന്നു ദിവസത്തിനു ശേഷം രോഹിത് ശര്‍മയ്‌ക്കു വഴി മാറേണ്ടി വന്നു. ബൗളര്‍മാരില്‍ അഫ്‌ഗാന്റെ റാഷിദ് ഖാന്‍ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറും രണ്ടാം സ്‌ഥാനം നിലനിര്‍ത്തി.